ലുലു, ലോയാക് ഇന്റേൺഷിപ് പ്രോഗ്രാം സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പർമാർക്കറ്റ് ലോയാകുമായി ചേർന്ന് സംഘടിപ്പിച്ച ഇന്നവേറ്റിവ് ഇന്റേൺഷിപ് പ്രോഗ്രാം സമാപിച്ചു. പ്രോഗ്രാം പൂർത്തിയായതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഫർവാനിയ റീജനൽ ഓഫിസിൽ നടത്തിയ ചടങ്ങിൽ സമർഥരായ ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
ചടങ്ങിൽ സംസാരിച്ച ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, യുവപ്രതിഭകളുടെ വളർച്ചക്കും വികാസത്തിനും സാക്ഷ്യംവഹിക്കാനായതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.
യുവജനക്ഷേമം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടൽ എന്നിവ ലക്ഷ്യമാക്കിയാണ് ഇരു സ്ഥാപനങ്ങളും ചേർന്ന് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖുറൈൻ, എഗൈല ഔട്ട്ലറ്റുകളിൽ ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിച്ചത്. പഠനാനുഭവങ്ങൾ പ്രദാനം ചെയ്യലും സൈദ്ധാന്തിക അറിവും പ്രായോഗിക വൈദഗ്ധ്യവും തമ്മിലുള്ള വിടവ് നികത്തലും പ്രോഗ്രാം ലക്ഷ്യമാണ്.
ഇന്റേൺഷിപ് കാലയളവിൽ, ഉപഭോക്തൃ സേവനം, മർച്ചൈന്റസിങ്, ലോജിസ്റ്റിക്സ്, മാനേജ്മെന്റ് എന്നിവയുൾപ്പെടെ റീട്ടെയിൽ വ്യവസായത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അറിയാൻ ഇന്റേണുകൾക്ക് അവസരം ലഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിന്റെ പരിചയസമ്പന്നരായ പ്രഫഷനലുകളിൽനിന്ന് അവർക്ക് വ്യക്തിഗത മാർഗനിർദേശവും ലഭിച്ചു. വ്യവസായത്തിലെ മികച്ച പ്രവർത്തനങ്ങളും വൈദഗ്ധ്യവും ഇന്റേണുകളുമായി പങ്കുവെച്ചു.
ലുലു ഹൈപ്പർ മാർക്കറ്റും ലോയാകും തമ്മിലെ ഈ സഹകരണം കുവൈത്ത് യുവാക്കളെ ശാക്തീകരിക്കാനും അവർക്ക് വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചക്കുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമുള്ള യോജിച്ച കാഴ്ചപ്പാടിന് ഉദാഹരണമാണെന്ന് മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇത്തരം പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നൽകാനും യുവതലമുറക്ക് ശോഭനമായ ഭാവി സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.