ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ കര്‍ശന നടപടി
text_fieldsകുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതായ റിപ്പോർട്ടുകളെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. ലംഘനം കണ്ടാല്‍ മന്ത്രാലയത്തിന്റെ വാട്സ്ആപ് (24936192) വഴി അറിയിക്കണമെന്ന് മാൻപവർ അതോറിറ്റി അഭ്യര്‍ഥിച്ചു.
മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന സജീവമാക്കിയിട്ടുമുണ്ട്. നിയമലംഘകരോട് വിട്ടുവീഴ്ച കാണിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കടുത്ത ചൂട് കണക്കിലെടുത്ത് രാജ്യത്ത് പുറംജോലികൾക്ക് രാവിലെ 11 മുതൽ നാലുവരെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ മാസം ഒന്നുമുതൽ ഇതു പ്രാബല്യത്തിലുണ്ട്. വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്ത് വിശ്രമം നിർബന്ധമാക്കിയത്.
കനത്ത ചൂട് നിലനിൽക്കുന്ന ആഗസ്റ്റ് 31വരെ ഉച്ചസമയത്തെ പുറംജോലികൾക്ക് വിലക്ക് തുടരും. അതേസമയം രാജ്യത്ത് ഉയർന്ന ചൂട് തുടരുകയാണ്. 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ് പകൽ ശരാശരി താപനില. രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന സൂചന.
കാറ്റ് വീശാനും പൊടിപടലങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്താണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.