ശക്തമായി രാഷ്ട്രീയം സംസാരിക്കേണ്ട സമയം
text_fieldsസത്യങ്ങൾക്കപ്പുറത്തേക്ക് ഭരണകൂടത്തിനുവേണ്ട അജണ്ട സെറ്റുചെയ്യുകയും അതിനനുസരിച്ച് ഭാവന രൂപപ്പെടുത്തുകയും ജനങ്ങളിൽ സ്പർധയും രാഷ്ട്രീയ ചേരിതിരിവും ബോധപൂർവം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. ഇവ ചർച്ചചെയ്യുന്ന നമ്മളും അറിയാതെ അതിന്റെ ഭാഗമാകുന്നു. എന്നാൽ, ഇതു കണ്ടു മിണ്ടാതിരിക്കാനാകില്ല. ശക്തമായി രാഷ്ട്രീയം സംസാരിക്കണം. എന്തുകൊണ്ട് ഇത്തരത്തിലുള്ളവ നിർമിക്കപ്പെടുന്നു എന്നതിൽ കൃത്യമായ ധാരണ വേണം. അജണ്ടകൾ തുറന്നുകാണിക്കപ്പെടണം. ഇക്കാര്യത്തിൽ മടിച്ചുനിൽക്കരുത്. ഇത്തരം മടികളിൽനിന്നാണ് രാഷ്ട്ര പിതാവിനെ കൊന്നവർ രാജ്യം ഭരിക്കുന്ന ഗതികേടിലേക്ക് നമ്മൾ പോയത്.
കേരളത്തിൽ ഇതെല്ലാം കുറവായിരുന്നു. ഇപ്പോൾ കൂടി വരുന്നു. അതിന്റെ ഭാഗമാണ് ‘കേരള സ്റ്റോറി’പോലുള്ളവ രൂപപ്പെടുത്തുന്നത്. സമാധാനപരമായി കഴിയുന്ന ജനങ്ങൾക്കിടയിൽ വെറുപ്പും കുഴപ്പങ്ങളും സൃഷ്ടിക്കുക, അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നിവയാണ് ലക്ഷ്യം.
ഇവ കണ്ട് മിണ്ടാതിരിക്കാനാകില്ല. കേരളത്തിൽ വലിയ പ്രതികരണങ്ങളും സമരങ്ങളും രൂപപ്പെട്ടതിനാലാണ് വലിയ സംഖ്യയിൽനിന്ന് പൊടുന്നനെ മൂന്ന് എന്ന എണ്ണത്തിലേക്ക് കേരള സ്റ്റോറി പ്രവർത്തകർക്ക് പിൻവലിയേണ്ടി വന്നത്.
ഇത്തരം വിഷയങ്ങൾ രൂപപ്പെടുത്തുന്നതിലും വർഗീയതക്കും സ്പർധക്കും ഉപയോഗപ്പെടുത്തുന്നതിലും രാഷ്ട്രീയക്കാരും ജാഗ്രത പുലർത്തണം. നമ്മുടെ പല വാക്കുകളും വർഷങ്ങൾക്കുശേഷം വർഗീയത പരത്തുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാം. അതത് സമയത്തെ രാഷ്ട്രീയ ലാഭത്തിനായി പറയുന്നവ പിന്നീട് മറ്റു പലതിനും ഉപയോഗപ്പെടുത്തിയേക്കാം.
ഭീകരവാദം എന്നതിനെ നിർബന്ധമായും എതിർക്കപ്പെടണം. ഏതു മതം, ഗ്രൂപ് എന്നതിലല്ല, മറ്റുള്ളവർ നമ്മുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത്, ഇടപെടുന്നതിന്റെ തോത് വർധിക്കുന്നത് എല്ലാം ഭീകരവാദമാണ്. എന്നാൽ, ഇന്ത്യയിൽ പലപ്പോഴും ഇത് ഇസ്ലാമോഫോബിക് ആകുന്നു.
അത്തരത്തിൽ ചിത്രീകരിക്കുന്നതിന്റെ തോത് കൂടിക്കൊണ്ടിരിക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കുന്നതിൽ എല്ലാവർക്കും വലിയ പങ്കുണ്ട്. ഒരു അജണ്ട പോലെയാണ് ഇത് നടപ്പാക്കുന്നത്. സംഘ്പരിവാറിന് ഹിന്ദുത്വ അജണ്ടയുണ്ട്. ആർ.എസ്.എസ് നൂറുവർഷം പൂർത്തിയാക്കുമ്പോൾ ഹൈന്ദവ രാഷ്ട്രസങ്കൽപത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.