പഠനം ഉത്സാഹപൂർവം; പഠനോത്സവം ആഘോഷമാക്കി മലയാളം മിഷൻ കുട്ടികൾ
text_fieldsകുവൈത്ത് സിറ്റി: പരമ്പരാഗത പഠന രീതികളിൽ നിന്നു വ്യത്യസ്തമായി ആടിയും പാടിയും കവിതയും കഥയും ചർച്ചകളുമായി പരീക്ഷയെ വേറിട്ട അനുഭവമാക്കി മലയാളം മിഷൻ പഠനോത്സവം. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച `പഠനോത്സവം 2024' അറിവിന്റെ ഉത്സവമായി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ കുട്ടികൾ പങ്കെടുത്തു. കല കുവൈത്ത്, എസ്.എം.സി.എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈത്ത്, പാൽപക്, എൻ.എസ്.എസ്, കെ.കെ.സി.എ മേഖലകളിൽ നിന്ന് 1226 കുട്ടികൾ നേരിട്ടും എട്ടു കുട്ടികൾ ഓൺലൈനായും പഠനോത്സവത്തിൽ ഭാഗമായി.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജി.സനൽ കുമാർ അധ്യക്ഷത വഹിച്ചു. ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചെയർമാൻ ജ്യോതിദാസ് ആശംസകൾ അർപ്പിച്ചു. ചാപ്റ്റർ അംഗങ്ങളായ ബിന്ദു സജീവ്, അനൂപ് മങ്ങാട്, ഷാജിമോൻ, സന്ദീപ്, ബൈജു, പ്രേംരാജ്, സീമ രജിത്ത്, ശ്രീഷ, എൽദോ ബാബു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. വിവിധ കമ്മിറ്റി അംഗങ്ങളായ പി.വി. പ്രവീൺ, ബോബി തോമസ്, കെ.കെ. ശൈമേഷ് എന്നിവർ നേതൃത്വം നൽകി. 150ൽ അധികം അധ്യാപകരും പഠനോത്സവത്തിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ കോഓഡിനേറ്റർ ജെ.സജി സ്വാഗതവും വൈസ് പ്രസിഡന്റ് ബോബൻ ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.