കുവൈത്തിൽ പക്ഷിനിരീക്ഷണത്തിൽ അംഗീകാരം നേടി മലയാളി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പക്ഷിനിരീക്ഷണത്തിൽ അംഗീകാരം നേടി കോഴിക്കോട് സ്വദേശി. ചിന്നക്കൊക്ക് / Striated heron (Butorides striata) എന്ന കുവൈത്തിൽ അത്യപൂർവമായി കാണുന്ന പക്ഷിയിനത്തെ കണ്ടെത്തിയ കോഴിക്കോട് തോട്ടുമുക്കം സ്വദേശി ഇർവിൻ നെല്ലിക്കുന്നേൽ ആണ് കുവൈത്ത് ഓർണിത്തോളജിക്കൽ റയറിറ്റി കമ്മിറ്റിയുടെ അംഗീകാരം നേടിയത്.
കൊക്ക് വർഗത്തിൽപെട്ട നീർപ്പക്ഷിയാണ് ചിന്നക്കൊക്ക്. കേരളത്തിൽ സുലഭമായി കാണുന്ന വർഗമാണെങ്കിലും കുവൈത്തിൽ അത്യപൂർവമായി മാത്രം കാണുന്ന ഇനമാണ്. ഇതുവരെ ആറു റെക്കോഡുകൾ മാത്രമാണ് കുവൈത്തിൽ ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. നവംബർ 19ന് ജഹ്‌റ ഫാമിൽനിന്നാണ് കണ്ടെത്തിയത്.
ഇത് കുവൈത്തിൽ ഏഴാമത്തെ റെക്കോഡ് ആയി കുവൈത്ത് ഓർണിത്തോളജിക്കൽ റയറിറ്റി കമ്മിറ്റി അംഗീകരിച്ചു. കമ്മിറ്റി സെക്രട്ടറി അബ്ദുറഹ്മാൻ അൽ സിർഹാൻ അൽ ഇനീസി ഇർവിന് അംഗീകാരപത്രം അയച്ചു. 10 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്ന ഇർവിൻ കഴിഞ്ഞ രണ്ടുവർഷമായി കുവൈത്തിൽ ഏറ്റവും അധികം സ്പീഷിസ് പക്ഷികളെ കണ്ടെത്തുന്നതിൽ ആദ്യ പത്തിൽ ഒരാളാണ്.
കുവൈത്തിൽനിന്നും ഇതുവരെ 300ൽപരം വ്യത്യസ്ത ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. സ്വദേശികളും വിദേശികളും അടങ്ങുന്ന പക്ഷിനിരീക്ഷണ കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.