ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി
text_fieldsകുവൈത്ത് സിറ്റി: ഓണത്തെ വരവേൽക്കാൻ കുവൈത്തിലെ മലയാളി സമൂഹം ഒരുങ്ങി. മലയാളി സംഘടനകൾക്കു കീഴിൽ വെള്ളിയാഴ്ച മുതൽ വിപുല ആഘോഷങ്ങൾക്ക് തുടക്കമാകും.
തുടർന്നുള്ള ഓരോ വെള്ളിയാഴ്ചകളിലും വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ചും സംഘടനകൾക്കു കീഴിലും ആഘോഷങ്ങൾ നടക്കും. പൊതു അവധി ദിവസം കണക്കിലെടുത്താണ് സംഘടനകൾ ആഘോഷങ്ങൾ വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുന്നത്.ഇതിനായി പ്രധാന ഓഡിറ്റോറിയങ്ങൾ വിവിധ സംഘടനകൾ ബുക്ചെയ്തു. മാസങ്ങളോളം നീണ്ടുനിൽക്കും.
സാധാരണയായി ക്രിസ്മസ് വരെയുള്ള വെള്ളിയാഴ്ചകളിൽ ആഘോഷം പതിവാണ്. കുവൈത്തിലെ ഇന്ത്യൻ എംബസി കഴിഞ്ഞ വ്യാഴാഴ്ച വർണാഭമായ പരിപാടികളിലൂടെ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിപണിയും സജീവമായി.
ഓണം കണക്കിലെടുത്ത് കേരളീയ വിഭവങ്ങളും പരമ്പരാഗത വസ്ത്രങ്ങളും ഷോപ്പുകളിൽ എത്തി. സാരി, മുണ്ട്, ചുരിദാർ എന്നിവക്ക് ആവശ്യക്കാർ ഏറിയതായി കടയുടമകൾ പറഞ്ഞു. ഓണ വിഭവങ്ങളും, കേരളീയ സദ്യയും, പായസമേളയുമൊക്കെ വിവിധ ഷോപ്പുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ആരംഭിച്ചു.
ചില ഹൈപ്പർ മാർക്കറ്റുകൾ പ്രത്യേക മൽസരങ്ങളും ആസൂത്രണം ചെയ്തു. വടംവലി, പൂക്കള മൽസരം, പാചക മൽസരം, പായസമേള എന്നിവയും പലരും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്നു മുതൽ ഇവക്ക് തുടക്കമാകും. അത്തം തുടങ്ങിയതോടെ ഹൈപ്പർ മാർക്കറ്റുകളിൽ പൂ വിൽപനക്കും തുടക്കമായി.
ഇനിയുള്ള നാളുകളിൽ ചെണ്ടമേളങ്ങളുടെ ശബ്ദം കേട്ടുതുടങ്ങും. കേരളീയ കലകളുടെ വൈവിധ്യങ്ങൾ കാണികൾക്ക് മുന്നിലെത്തും. മലയാള പാട്ടുകളും മാവേലിയും എത്തും.
എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ ഉണ്ണും. പായസ മധുരം നുണയും. സൗഹൃദവും സ്നേഹവും പങ്കുവെക്കും. അങ്ങനെ പഴയകാല ഓർമകളെയും, രുചികളെയും കളികളെയും പ്രവാസി സമൂഹം പുനരാവിഷ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.