വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷിക്കാൻ ഒരുങ്ങി കുവൈത്ത് മലയാളികൾ. സ്വർണകൊലുസിട്ടെന്നപോലെ മഞ്ഞനിറമാർന്ന് പൂത്തുനിൽക്കുന്ന കൊന്നയും, പാടത്തും പറമ്പുകളിലും വിളഞ്ഞുനിൽക്കുന്ന വെള്ളരിയുമൊക്കെ നേരിട്ടുള്ള കാഴ്ചയല്ലെങ്കിലും കടൽ കടന്നെത്തുന്ന ഇവയെല്ലാം വീട്ടിലെത്തിച്ച് കണിയൊരുക്കാനുള്ള ശ്രമത്തിലാണ് മിക്കവരും. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും, വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും അടക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേര പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. എന്നാൽ ഇവയൊന്നും പ്രവാസലോകത്ത് ലഭ്യമല്ലാത്തതിനാൽ ഉള്ള വസ്തുക്കൾവെച്ച് കണിയൊരുക്കുകയാണ് പ്രവാസികളുടെ പതിവ്. കണിവെള്ളരിയും കൊന്നപ്പൂവും ഹൈപ്പർ മാർക്കറ്റുകളിൽ വിൽപനക്കെത്തിയിട്ടുണ്ട്. ഇവ വാങ്ങി വീട്ടിലെത്തിച്ച് വാടാതെ സൂക്ഷിച്ചാണ് കണിയൊരുക്കൽ.
എല്ലാവർഷവും ഏപ്രിൽ 14ന് എത്തുന്ന വിഷു ഇത്തവണ 15നാണ്. ശനിയാഴ്ചയാണ് വിഷു എന്നതിനാൽ ജോലികഴിഞ്ഞ് വന്നിട്ടാകും മിക്കവരുടെയും ആഘോഷങ്ങൾ. ഇത്തവണ റമദാൻ മാസത്തിലാണ് വിഷു എന്നതും ആഘോഷങ്ങൾ വൈകുന്നേരത്തേക്ക് മാറ്റിവെക്കാൻ പലരെയും പ്രേരിപ്പിക്കുന്നു. റമദാൻ ആയതിനാൽ പകൽസമയത്തെ ഒരുമിച്ചുള്ള ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
സംഘടനാതലത്തിൽ ഓണാഘോഷത്തെ പോലെ സജീവമല്ല വിഷു. അതേസമയം, കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കാൻ പലരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വീടുകളിൽ രാവിലത്തെ കണികാണലും ആചാരപരമായ മറ്റുകാര്യങ്ങളും കഴിഞ്ഞതിന് ശേഷം ജോലിയുള്ളവർ അതിന് പോകുകയും അല്ലാത്തവർ സദ്യവട്ടങ്ങളുടെ ഒരുക്കവും തുടങ്ങും. സദ്യ കഴിച്ച്, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിഷു ആശംസകൾ കൈമാറി, ഗൃഹാതുരസ്മരണയിലാകും പ്രവാസികളുടെ വിഷു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.