ആത്മവിശ്വാസം ഉയർത്താൻ മമ്ത ഇന്ന്
text_fieldsകുവൈത്ത്സിറ്റി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി മമ്ത മോഹൻദാസ് ശനിയാഴ്ച ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ എത്തും. മികച്ച സിനിമകളും അഭിനയ മികവും കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മമ്ത മോഹൻദാസ്. അഭിനയത്തിനൊപ്പം പാട്ടും വഴങ്ങുന്ന മമ്ത ഗായിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഒപ്പം മികച്ച ട്രെയിനറും ഒരുപാട് പേരുടെ ആത്മവിശ്വാസം ഉയര്ത്തിയ വ്യക്തി കൂടിയാണ് മമ്ത. തിരിച്ചടികളോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന കരുത്തുറ്റ വനിത. ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും കരുത്തുറ്റ ആത്മവിശ്വാസം കൊണ്ടാണ് മമ്ത മറികടന്നത്. ഈ ആത്മവിശ്വാസത്തിന്റെ കഥ ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് എജുകഫേയിൽ മമ്ത പങ്കുവെക്കും. ജീവിതത്തിൽ നിസ്സാര പ്രശ്നങ്ങൾക്കു മുന്നിൽ അടിപതറുന്നവർക്ക് തിരിച്ചുകയറാൻ പ്രചോദനമാകുന്നതാകും ആ വാക്കുകൾ.
മനസ്സു വായിക്കാൻ മെന്റലിസ്റ്റ് ആദി
ചിന്തകളും പെരുമാറ്റവും വിശകലനം ചെയ്ത് മനസ്സുകളെ മനഃശാസ്ത്രപരമായി വിലയിരുത്തി വിദ്യാർഥികളുടെ മനസ്സ് വായിച്ചെടുത്ത് വിസ്മയിപ്പിക്കാൻ മെന്റലിസ്റ്റ് ആദി എന്ന ആദി ആദർശ് ശനിയാഴ്ച ഗൾഫ് മാധ്യമം എജുകഫേ വേദിയിലെത്തും. മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിച്ച് കോൺഫിഡൻസ് ലെവൽ കൂട്ടാനായി ‘ഇൻസോംനിയ’ എന്ന പരിപാടിയിലൂടെയാണ് ആദി സംവദിക്കുക. നാളെ എന്താകണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ആത്മപരിശോധനക്കുള്ള അവസരമാകും ആദിയുടെ സെഷൻ. മെന്റലിസ്റ്റ്, തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ്, നോൺ വെർബൽ കമ്യൂണിക്കേഷൻ എക്സ്പേർട്ട് തുടങ്ങി നിരവധി തലങ്ങളിൽ പ്രശസ്തനാണ് ആദി. കലയും ശാസ്ത്രവും ഒരുമിച്ചുചേരുന്നതാണ് മെന്റലിസം. ഇത് കരിയർ മോട്ടിവേഷനും കൗൺസിലിങ്ങുമായി ചേരുമ്പോൾ പഠനരംഗത്ത് പുത്തൻ സാധ്യതകൾക്ക് വഴിയൊരുങ്ങുമെന്നുറപ്പ്. പുതിയ കാലത്ത് നൂതന ആശയങ്ങളും നൂതന സാങ്കേതിക വിദ്യയും അരങ്ങു വാഴുമ്പോൾ അതിനോടൊപ്പം വളരെ വേഗത്തിൽ സഞ്ചരിക്കാനുള്ള മാർഗം കൂടിയാകും മെന്റലിസ്റ്റ് ആദിയുടെ സെഷനിലൂടെ സാധ്യമാവുക.
കളിയും കാര്യവുമായി രാജ് കലേഷ്
മജീഷ്യൻ, ഷെഫ്, ടെലിവിഷൻ ഷോ അവതാരകൻ, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ എന്നീ നിലകളിൽ പ്രശസ്തനായ രാജ് കലേഷ് കളിയും കാര്യവുമായി ശനിയാഴ്ച എജുകഫേയിൽ ഉണ്ടാകും. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആഹ്ലാദിപ്പിക്കുന്ന രാജ് കലേഷ് കുവൈത്തിന് അവിസ്മരണീയമായ ഓർമകൾ സമ്മാനിക്കുമെന്ന് ഉറപ്പ്. പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം, മഹ്റൂഫ് സി.എം, ഫർഹാർ എന്നിവരും ശനിയാഴ്ച വിവിധ സെഷനുകൾ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.