മജീദും സുഹ്റയും കൂടെ മാമുക്കോയയും
text_fieldsകുവൈത്ത് സിറ്റി: അനശ്വര കഥകളും കഥാപാത്രവുമായി സാഹിത്യ സ്നേഹികളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറെന്ന വലിയ എഴുത്തുകാരന്റെ ഓർമചിത്രവുമായി പ്രവാസി സംവിധായകൻ കെ.കെ. ഷമീജ് കുമാർ. ബഷീറിന്റെ ‘ബാല്യകാല സഖി’ നോവലിനെ ആസ്പദമാക്കി ‘ചോന്ന മാങ്ങ’ എന്ന പേരിലാണ് ഹ്രസ്വചിത്രം ഒരുക്കിയത്.
ബഷീറിന്റെ എഴുത്തിലെ മാന്ത്രികതയേയും കഥാപാത്ര സൃഷ്ടികളുടെ കരുത്തിനെയും ബോധ്യപ്പെടുത്തുന്നതിനൊപ്പം ഷമീജ് കുമാറിന്റെ സംവിധാന മികവും ചിത്രം തെളിയിക്കുന്നു.
മലയാളികളുടെ പ്രിയ നടൻ മാമുക്കോയ അവസാനം അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ‘ചോന്ന മാങ്ങ’ക്കുണ്ട്. ബഷീറിന്റെ മകൻ അനീസ് ബഷീറും ചിത്രത്തിൽ വേഷമിടുന്നു. അനീസ് ബഷീറിന്റെ വരികൾക്ക് ഷഹബാസ് അമൻ ഈണമിട്ട് പാടിയ മനോഹര ഗാനവും ചിത്രത്തിലുണ്ട്.
വൈലാവിൽ വീട്ടിൽ തന്നെയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണവും. ചിത്രത്തിന് ഡബ്ബിങ് പൂർത്തിയാക്കി മൂന്നാം ദിവസമാണ് മാമുക്കോയ വിടപറഞ്ഞത്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പസ്കിയാണ് ചിത്രത്തിൽ സുഹ്റയായി എത്തുന്നത്.
മജീദായി നടൻ ജയപ്രകാശ് വേഷമിടുന്നു. അനീസ് ബഷീറുമായി പാലക്കാട് എൻജിനീയറിങ് കോളജ് പഠനകാലം മുതലുള്ള സൗഹൃദവും ചർച്ചകളുമാണ് ഷമീജ് കുമാറിനെ ‘ചോന്ന മാങ്ങ’യിൽ എത്തിക്കുന്നത്. പഠനകാലത്തെ മറ്റു സുഹൃത്തുക്കൾ തന്നെയാണ് ചിത്രത്തിന്റെ മറ്റു കാര്യങ്ങൾക്ക് പിന്നിലും.
ബഷീർ ഓർമ ദിനത്തിൽ വൈലാവിൽ വീട്ടുമുറ്റത്ത് ചിത്രം പ്രദർശിപ്പിച്ചു. നിരവധി പേരാണ് ചിത്രം കാണാനായി വന്നെത്തിയത്. കൂടുതൽ ഇടങ്ങളിൽ ചിത്രം പ്രദർശിപ്പിച്ച് ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷമീജ് കുമാർ. കുവൈത്തിൽ കലാരംഗത്ത് സജീവമായ ഷമീജ് കുമാർ ഇതിനകം നിരവധി നാടകങ്ങളും ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.