രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാപ്രശ്നങ്ങൾ ചർച്ചചെയ്ത് മനാമ ഡയലോഗ്
text_fieldsകുവൈത്ത് സിറ്റി: മിഡിലീസ്റ്റിലെയും ലോകരാജ്യങ്ങളിലെയും രാഷ്ട്രീയ, പ്രതിരോധ, സുരക്ഷ പ്രശ്നങ്ങൾ ചർച്ചചെയ്ത് മനാമ ഡയലോഗ്-2023. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ബഹ്റൈനിൽ ഉച്ചകോടി ആരംഭിച്ചത്. ഗസ്സയിലെ അക്രമപരമ്പര ഉടൻ അവസാനിപ്പിക്കണമെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു. ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മോചിപ്പിക്കണം. ഗസ്സയിലേക്ക് മാനുഷികസഹായം സുരക്ഷിതമായി എത്തിക്കാൻ അവസരം നൽകുകയും ചെയ്യണം. ഗസ്സയിൽ മരുന്നും ഇന്ധനവും ഭക്ഷണവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരും നിരവധി രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. മേഖലയിലെയും ആഗോളതലത്തിലുമുള്ള രാഷ്ട്രീയ, സുരക്ഷാപ്രശ്നങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളും പിരിമുറുക്കവും സമ്മേളനം ചർച്ചചെയ്യും. മേഖലയിലും ആഗോളതലത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങളും അജണ്ടയിലുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും. 2004 മുതൽ ആരംഭിച്ച ഡയലോഗ് ഇതുവരെയായി 17 തവണയാണ് ചർച്ചകൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.