മൻഗഫ് തീപിടിത്ത ദുരന്തം; കുടുംബങ്ങൾക്ക് വിവിധ സഹായങ്ങൾ പ്രഖ്യാപിച്ചതായി ഇന്ത്യ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇന്ത്യ ഗവൺമെന്റ് നിരന്തരമായ ശ്രമങ്ങൾ നടത്തിവരുന്നതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്.
കുവൈത്ത് തീപിടിത്തദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആന്റോ ആന്റണി എം.പിയുടെ ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് അമീർ 15,000 യു.എസ് ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് വിവിധ നഷ്ടപരിഹാരങ്ങളും പരിക്കേറ്റവർക്ക് പിന്തുണയും തൊഴിലുടമ നൽകിയതായും മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയ സഹായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി.
വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സർക്കാറിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇന്ത്യൻ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തുകയും ക്ഷേമം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ശരിയായ അന്വേഷണവും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ആതിഥേയരാജ്യത്തെ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കും. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാർക്ക് അടിയന്തര വൈദ്യസഹായം, ബോർഡിങ്/താമസം എന്നിവ ഉൾപ്പെടെ എല്ലാ കോൺസുലാർ സഹായങ്ങളും ആവശ്യമുള്ളപ്പോഴെല്ലാം നൽകിവരുന്നതായും കീർത്തി വർദ്ധൻ സിംഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.