കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാതെ നിരവധി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 10,000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാതെ നിരവധി പേർ.പ്രവാസി ക്ഷേമനിധി അംഗങ്ങളായ കോവിഡ് ബാധിച്ച എല്ലാവർക്കും ധനസഹായം ലഭിക്കും. 2021 മാർച്ച് 31വരെ രോഗബാധിതരാവുന്നവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 30നുമുമ്പായി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. http://104.211.245.164/pravasi_covid/registration.php വഴി അപേക്ഷ നൽകാം. ഇപ്പോൾ വിദേശത്ത് ജോലിചെയ്യുന്ന, പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കും ധനസഹായം ലഭ്യമാണ്.
നിലവിൽ ക്ഷേമനിധിയിൽ അഞ്ചുലക്ഷത്തോളം അംഗങ്ങളുണ്ട്. ഗൾഫ് നാടുകളിലടക്കം വിദേശത്ത് ജോലിചെയ്യുന്ന നിരവധി പ്രവാസികൾ കോവിഡ് രോഗികളായിട്ടുണ്ട്.പലർക്കും രോഗം മാറി. നിരവധി പേർ രോഗം മാറിയശേഷം നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് മടങ്ങിയവർക്കും ധനസഹായത്തിന് വകുപ്പുണ്ട്. 'സാന്ത്വന'പദ്ധതിയിൽ കോവിഡ് ഉൾപ്പെടുത്തിയതിനാലാണ് രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും 10,000 രൂപ വീതം ലഭിക്കാൻ വഴിയൊരുങ്ങിയത്.
നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കായുള്ള പ്രത്യേക സഹായനിധിയാണ് 'സാന്ത്വന'. തിരിച്ചെത്തിയ നിലവിൽ വിദേശത്ത് ജോലി ചെയ്യാത്തവർക്കാണ് ഇതിലൂടെ ചികിത്സസഹായം ലഭിക്കുക. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി 10 വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതിപ്രകാരം ചികിത്സസഹായം ലഭിക്കുന്നത്.മുകളിൽ സൂചിപ്പിച്ച രണ്ടിൽ ഒരു പദ്ധതിയിൽനിന്നു മാത്രമാണ് ഒരാൾക്ക് ആനുകൂല്യം ലഭിക്കുക. രോഗവുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.
വിശദ വിവരം www.norkaroots.org യിലും 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ) നമ്പറിലും ലഭിക്കും. ഏറക്കാലമായി വിദേശരാജ്യങ്ങളിൽ കോവിഡ്വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ധാരാളം പേർ ഈ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.