അനുഭവങ്ങൾ നിരവധി; തട്ടിപ്പിൽ വീണ് മലയാളികൾ
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നിവയുടെ നിരവധി അനുഭവങ്ങളുണ്ടായിട്ടും മലയാളികൾ തട്ടിപ്പിനിരയാവുന്നത് തുടരുന്നു. ബിസിനസ് പങ്കാളിത്തവും മാസലാഭവും വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്ത് മുങ്ങുന്നവർ, തിരിച്ചു നൽകാത്തവർ എന്നിവർക്കെതിരായ പരാതികൾ ഏറുകയാണ്.
മലയാളികളും അടുത്ത് അറിയുന്നവരും ആണ് പലപ്പോഴും തട്ടിപ്പ് നടത്തുന്നത്. ആളുകളിൽ വിശ്വാസ്യത നേടിയെടുത്താണ് പലരും പണം ആവശ്യപ്പെടുക. പണം വാങ്ങിയതിന് തെളിവായി രേഖകളും നൽകും. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞാലും വാങ്ങിയ തുകയോ ലാഭമോ തിരിച്ചു നൽകില്ല. ചിലർ നാട്ടിലേക്ക് മുങ്ങുകയും ചെയ്യും. പണച്ചെലവും മറ്റു പ്രയാസങ്ങളും വരുമെന്നതിനാൽ പലരും നിയമ നടപടികൾക്ക് ശ്രമിക്കില്ല. ഇത് തട്ടിപ്പുകാർക്ക് ഗുണമാകുന്നു.
ബിസിനസ് ലാഭവിഹിതം തരാമെന്ന് വാഗ്ദാനം ചെയ്ത് 5000 ദിനാർ വാങ്ങിയ ആൾ വഞ്ചിച്ചതായി മലപ്പുറം സ്വദേശി പറഞ്ഞു. 2019 ലാണ് പണം നൽകിയത്. പുതിയ കട തുടങ്ങുന്നതിൽനിന്നുള്ള ലാഭവിഹിതമായി മാസം 250 ദിനാറും ഒരു വർഷം കഴിഞ്ഞാൽ മുഴുവൻ തുകയും തിരികെ നൽകാമെന്ന് വിശ്വസിച്ചാണ് പണം വാങ്ങിയത്. എന്നാൽ പിന്നീട് ലാഭവിഹിതവും നൽകിയ തുകയും കിട്ടിയില്ല. നിരന്തരം ചോദിക്കുമ്പോൾ ചെറിയ തുകകൾ നൽകും.
ബാങ്കിൽ നിന്നു വീടു നിർമാണത്തിനായി എടുത്ത ലോണിൽനിന്നാണ് ഇയാൾ പണം നൽകിയത്. പണം തിരികെ കിട്ടാതായതോടെ വീടുപണിക്ക് പ്രയാസം നേരിട്ടു. ലോൺ ഇതുവരെ അടച്ചു തീർന്നതുമില്ല. നിരവധി പേരിൽനിന്ന് വൻ തുകകൾ വാങ്ങി ബിസിനസ് രംഗത്തുള്ള ഒരാൾ നാട്ടിലേക്ക് കടന്നതും അടുത്തിടെയാണ്. ഇയാൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് പണം നഷ്ടപ്പെട്ടവർ. പ്രവാസകാലത്ത് ജോലിക്കൊപ്പം മറ്റൊരു വരുമാന മാർഗം എന്ന നിലക്കാണ് പലരും ഇത്തരം ആളുകളെ വിശ്വസിച്ച് പണം നൽകുന്നത്. നിശ്ചിത തുക നൽകിയാൽ മാസം ലാഭവിഹിതവും ഒരു കാലം കഴിഞ്ഞാൽ നൽകിയ തുകയും തിരികെ ലഭിക്കും എന്നതിനാൽ പലരും ഇത് ആശ്വാസമായി കാണും.
വീട്ടു വാടക, മറ്റു ചെലവുകൾ എന്നിവയെല്ലാം അതു വഴി നടന്നുപോകുമല്ലോ എന്നും കണക്കുകൂട്ടും. അങ്ങനെ കൈയിലുള്ളതും കടം വാങ്ങിയും ലോണെടുത്തുമൊക്കെ പലരും പണം നൽകും. എന്നാൽ പണം കൈയിലെത്തുന്നതോടെ വാങ്ങിയവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന ചിരി മായും. വിളിച്ചാൽ ഫോണെടുക്കാതെയാകും. ലാഭവിഹിതം പോയിട്ട് മുതൽ വരെ തിരിച്ചുകിട്ടാതെയാകും. പണം നഷടപ്പെട്ടവർ ചോദിച്ചു മടുക്കും. തട്ടിപ്പുകാർ അപ്പോഴേക്കും മറ്റൊരാളിലേക്ക് വല വിരിച്ചിട്ടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.