കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിരവധി തൊഴിലവസരം
text_fieldsകുവൈത്ത് സിറ്റി: പൗരന്മാർക്കൊപ്പം പ്രവാസികൾക്കും തൊഴിൽ അവസരം ഒരുക്കി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി വാർഷിക ബജറ്റ് റിപ്പോർട്ടിൽ 1,090 ഒഴിവുകൾ സൂചിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയ മയ്യിത്ത് പരിചരണം, കുളിപ്പിക്കൽ അടക്കം സംസ്കരിക്കുന്ന വകുപ്പിലെ 36 തസ്തികകൾ അടക്കമാണ് ഒഴിവുകൾ. ഇതേ വിഭാഗത്തിൽ 25 ഡ്രൈവർ ഒഴിവുകളും ഉണ്ട്.
അക്കൗണ്ടന്റുമാർ, ആർക്കിടെക്ചർ, ഇലക്ട്രിസിറ്റി, മെക്കാനിക്സ് എന്നിവയിലെ എൻജിനീയർമാർക്കുള്ള അവസരങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇവയിൽ വിദേശികൾക്ക് അപേക്ഷിക്കാമോ എന്നത് വ്യക്തമല്ല. മുനിസിപ്പാലിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് റോളുകൾ കുവൈത്ത് പൗരന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബജറ്റ് വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം ദീനാർ വകയിരുത്തുന്നു. ഇത് നിലവിലെ ബജറ്റിനെ അപേക്ഷിച്ച് ഒമ്പതു ദശലക്ഷം ദീനാർ കൂടുതലാണ്.
ഏകദേശം 483,200 പേരുടെ പൊതുമേഖലാ തൊഴിലാളികളാണ് കുവൈത്തിലുള്ളത്. ഇതിൽ 23 ശതമാനം വിദേശികളാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതമാണിത്. ഈ വർഷം ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡേറ്റ പ്രകാരം രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിലാളികൾ 1.9 ദശലക്ഷമാണ്. 75 ശതമാനും സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നു. അതേസമയം, സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയിൽ ഏകദേശം 3.2 ദശലക്ഷം പ്രവാസികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.