സജീവമാകാന്‍ വിപണി; സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ് രേഖപ്പെടുത്തി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും കുതിപ്പ്. വരും വർഷങ്ങളിലും ശക്തമായ മുന്നേറ്റം നടത്തുമെന്ന് സൂചന. സുപ്രീം കൗൺസിൽ ഓഫ് പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2023നും 2024നും ഇടയിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സൂചികകൾ മുൻ കാലയളവിനെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചു.
വിവിധ അന്താരാഷ്ട്ര സൂചികകളില്‍ മികച്ച സ്ഥാനമാണ് കുവൈത്ത് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ആഗോള സമാധാന സൂചികയിൽ 35ാം സ്ഥാനവും ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ 13ാം സ്ഥാനവും മാനവ വികസന സൂചികയിൽ 49ാം സ്ഥാനവും കുവൈത്ത് നേടി.
ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച് കുവൈത്തിന്റെ റേറ്റിങ് ലെവൽ ഉയര്‍ത്തിയതും സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്കി. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ പുറത്തിറക്കിയ ഗ്ലോബൽ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡവലപ്മെന്റ് ഇൻഡക്സിൽ തുടർച്ചയായ രണ്ടാം വർഷവും കുവൈത്ത് ഒന്നാം സ്ഥാനത്തെത്തി.
സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട സർക്കാറിന്റെ വിജയകരമായ നടപടികളും എണ്ണ വില ഉയര്‍ന്നതും ഉയർന്ന നിക്ഷേപങ്ങളും സേവന മേഖലയുമാണ് ഇപ്പോഴത്തെ വളര്‍ച്ചക്ക് കാരണം. രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ കഴിഞ്ഞതും അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കിയതും സാമ്പത്തിക മുന്നേറ്റത്തിന് കാരണമായി. ഈ വര്‍ഷമാദ്യം കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് ലോകബാങ്ക് നേരത്തെ പ്രവചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.