ഇനി ഞങ്ങൾ മുന്നോട്ടു പോകും, പപ്പ കൂടി വരട്ടെ...
text_fieldsകുവൈത്ത് സിറ്റി: ജോലിയും വരുമാനവും നിലച്ച് കടം പെരുകിയും, രോഗപീഡകളാൽ വലഞ്ഞും കുവൈത്തിലെ വർഷങ്ങൾ നീണ്ട ജീവിതത്തിന് വിട. ഈ അമ്മയും രണ്ടു മക്കളും ഇനി ബംഗളൂരുവെന്ന ഉദ്യാന നഗരിയിൽ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങും. നഷ്ടപ്പെട്ടുവെന്ന് കരുതിയതൊക്കെ തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിക്കും. വൈകാതെ തങ്ങളിലേക്ക് കുടുംബനാഥൻ മാത്യു വർഗീസും വന്നു ചേരുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. എന്നിട്ടുവേണം ജീവിതത്തിന് മേൽ ഒരു കാലഘട്ടം ഇരുട്ടിന്റെ തുണികളാൽ മറയിട്ട തിരശ്ശീല പൂർണമായി നീക്കാൻ.
പ്രതിസന്ധികളുടെ ജീവിതം
പ്രതിസന്ധികളുടെ ആഴത്തിൽ വീണുഴറി മുന്നോട്ടുപോകാനാകാതെ കുവൈത്തിലെ ഫ്ലാറ്റിൽ കുരുക്കിയിട്ട കൊല്ലം പത്തനാപുരം സ്വദേശി മാത്യു വർഗീസിന്റെയും കുടുംബത്തിന്റെയും ജീവിതം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ജോലിയും വരുമാനവും നിലച്ച് കടം പെരുകിയ നാലുപേരടങ്ങുന്ന കുടുംബം സുഹൃത്തുക്കൾ നൽകുന്ന ഭക്ഷണം കൊണ്ടാണ് ജീവൻ നിലനിർത്തിയിരുന്നത്.വർഷങ്ങളായി വാടക മുടങ്ങിയതിനാൽ വാതിലിനു പുറത്ത് നോട്ടീസ് പതിച്ചിരുന്നു. ഏതു നിമിഷവും വീട്ടിൽനിന്ന് പുറത്താക്കപ്പെടുന്ന നിലയിലായിരുന്നു മാത്യു വർഗീസും രോഗിയായ ഭാര്യയും രണ്ടു മക്കളും കഴിച്ചുകൂട്ടിയിരുന്നത്.
ഗൾഫിൽ ഉയർന്ന ജോലിയും സാമൂഹിക ചുറ്റുപാടുകളുമുള്ള അവസ്ഥയിൽനിന്ന് നിസ്സഹായാവസ്ഥയുടെ ആഴങ്ങളിലേക്ക് വീണുപോയ ആളാണ് മാത്യു വർഗീസ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം കഴിഞ്ഞ് സൗദി അറേബ്യയിലെത്തിയ 1978ലാണ് മാത്യു വർഗീസിന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. ഡോക്ടറായ ഭാര്യക്കും സൗദിയിൽ ജോലി ലഭിച്ചതോടെ സന്തോഷകരമായി ജീവിതം മുന്നോട്ടുപോയി. ഇതിനിടെ സൗദിയിൽ ടെക്സ്റ്റൈൽസ്-ടൈലറിങ് കമ്പനി തുടങ്ങിയത് വലിയ നഷ്ടത്തിൽ കലാശിച്ചു. ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടു. കടം കുന്നുകൂടി.
2005ൽ അൽഗാനിം കമ്പനിയിൽ പ്രോജക്ട് മാനേജരായി മാത്യു വർഗീസ് കുവൈത്തിലെത്തി. മക്കളെ 12, 6 ക്ലാസുകളിലായി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ ചേർത്തു. ജീവിതം പിന്നെയും ശരിയായ വഴിയിൽ ഓടിത്തുടങ്ങവെ, ഭാര്യ അർബുദത്തിന്റെ പിടിയിൽ വീണു. വീട്ടുവാടകയും സ്കൂൾ ഫീസും ഭാര്യയുടെ ചികിത്സയുമൊക്കെയായി സാമ്പത്തിക പ്രയാസങ്ങൾ കുടുംബത്തിന് മേൽ ഞെരുക്കിത്തുടങ്ങി.
ലോണെടുത്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാരിച്ച ഫീസ് താങ്ങാനാകാതെ മക്കൾ പഠനം നിർത്തി. മൂന്നുവർഷം മാത്രമെ മാത്യു വർഗീസിന് ആദ്യ കമ്പനിയിൽ ജോലി ഉണ്ടായുള്ളൂ. പിന്നീട് മറ്റൊരു കമ്പനിയിൽ ചേർന്ന് ഏതാനും വർഷങ്ങൾ ജോലി നോക്കിയെങ്കിലും 60 വയസ്സിലെത്തിയതോടെ ഒഴിയേണ്ടിവന്നു. ജീവിതം വലിയൊരു ശൂന്യതയിലേക്ക് പ്രവേശിച്ചു. നാലുപേർക്കും ജോലി ഇല്ല. മക്കളുടെ വിസ കാലാവധി കഴിഞ്ഞു. അത് പുതുക്കാൻ പണം വേണം. ഭാര്യയുടെ ചികിത്സക്കും പണം വേണം. നിത്യചെലവുകൾ കഴിഞ്ഞുപോണം. ഈ ഘട്ടത്തിലാണ് മാത്യു വർഗീസിന്റെ കഥ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചത്.
മലയാളി സംഘടനകളുടെ ഇടപെടൽ
വാർത്ത കണ്ട നിരിവധി മലയാളി സംഘടനകൾ വിഷയത്തിൽ ഇടപെടുകയും ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുവൈത്ത് എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം അലുംനി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ (സീറ്റ), കുവൈത്ത് സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് ബേസിൽ യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് യെലഹങ്ക ബാംഗ്ലൂർ, സാന്ത്വനം കുവൈത്ത്, ഗ്ലോബൽ ഇന്റർ നാഷനൽ എന്നിവ ഒരു കൂട്ടായ്മ ഉണ്ടാക്കുകയും പ്രശ്ന പരിഹാരത്തിനായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
നിയമ തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും നീക്കാനും കുടുംബത്തെ നാട്ടിലെത്തിക്കാനുമായി രണ്ടു ഘട്ടങ്ങളിലായുള്ള കർമപദ്ധതിക്ക് കൂട്ടായ്മ രൂപം നൽകി. ഇന്ത്യൻ എംബസിയുമായും നോർക്കയുമായും വിഷയം സംസാരിച്ചു.എംബസി പൂർണ പിന്തുണയും നൽകി. മാത്യു വർഗീസിന്റെ ഭാര്യയെയും മക്കളെയും നാട്ടിലെത്തിക്കാനാണ് ആദ്യ ശ്രമം നടത്തിയത്. മക്കളുടെ രണ്ടു പേരുടെയും പാസ്പോർട്ട് കാലഹരണപ്പെട്ടിരുന്നു.
ഒരാളുടെ പഴയ പാസ്പോർട്ട് സ്പോൺസറുടെ കൈയിലുമായിരുന്നു. ഇത് വീണ്ടെടുത്ത് എംബസിയിൽ സമർപ്പിച്ചു. തുടർന്ന് എംബസി ഇരുവർക്കും താൽകാലിക പാസ്പോർട്ട് അനുവദിച്ചു. ഇതിനിടെ ഭാര്യയുടെ റസിഡൻസി കാലാവധി നീട്ടുന്നതിനായും ഇടപെട്ടു. വാടക കുടിശ്ശിക മൂലം വീട്ടിൽ നിന്ന് ഇറങ്ങണമെന്ന ഉത്തരവും കോടതിയെ സമീപിച്ചു നീട്ടിയെടുത്തു.
ഇതിനൊടുവിലാണ് എല്ലാ തടസ്സങ്ങളും മറികടന്ന് കുടുംബത്തെ നാട്ടിൽ അയക്കാനായത്.കുടുംബം താൽപര്യം അറിയിച്ചത് പ്രകാരം ബംഗളൂരുവിൽ താമസിക്കാനുള്ള ഇടവും മറ്റുചെലവുകളും കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. വൈകാതെ മക്കൾക്ക് തൊഴിൽ കണ്ടെത്താനാകുമെന്നും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നുമാണ് പ്രതീക്ഷ.
മാത്യു വർഗീസിനും മടങ്ങണം
ഭാര്യയും മക്കളും പോയതോടെ പഴയ ഫ്ലാറ്റിൽനിന്ന് മാത്യു വർഗീസ് ഫർവാനിയയിലേക്ക് മാറി. വാടക കുടിശ്ശിക ബാക്കി ഉള്ളതിനാൽ കേസും ട്രാവൽബാനും നിലവിലുണ്ട്. അത് പരിഹരിച്ചാലേ നാട്ടിൽ പോകാനാകൂ. മാത്യു വർഗീസിന് ഒരിക്കൽ അറ്റാക്ക് വന്നതാണ്. പ്രായം 73 ആയി. കടുത്ത പ്രമേഹത്തിന്റെ പ്രശ്നങ്ങളുമുണ്ട്. കണ്ണിന്റെ കാഴ്ച മങ്ങുകയും ശാരീരിക പ്രയാസം അനുഭവിക്കുന്നുമുണ്ട്.
എതുനിമിഷവും നിയമനടപടികൾ ഉണ്ടായേക്കാം. ഈ ദുർബല ശരീരത്തിന് അത് താങ്ങാനാകില്ല. അതിനുമുമ്പ് നിയമ പ്രശ്നങ്ങളും യാത്രാക്കുരുക്കുകളും അവസാനിപ്പിച്ച് നാട്ടിൽ അയക്കാനാണ് കൂട്ടായ്മയുടെ ശ്രമം.ഇതിന് പക്ഷേ വലിയ സാമ്പത്തിക സഹായം ആവശ്യമാണ്. അതു കണ്ടെത്താനുള്ള ശ്രമത്തിലാണ് കൂട്ടായ്മ.വൈകാതെ അത് സാധ്യമാകുമെന്നും ആശ്വാസത്തിന്റെ പ്രഭാതം വന്നെത്തുമെന്നും മാത്യു വർഗീസും പ്രതീക്ഷവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.