ഗസ്സയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണത്തിനിരയാകുന്ന ഗസ്സയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഗൗരവതരമായ നടപടികൾ സ്വീകരിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ കുവൈത്തിന്റെ യു.എന്നിലെ നയതന്ത്ര അറ്റാഷെ മുബാറക് അൽ ഖാമിസ് നടത്തിയ പ്രസംഗത്തിനിടെയാണ് പരാമർശം.
ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ഫലസ്തീൻ ജനതയുടെ അവകാശത്തിന്റെ ലംഘനമാണ്. ഇസ്രായേൽ അധിനിവേശ സേനയിൽ നിന്നുണ്ടാകുന്ന ക്രൂരതകളും തങ്ങളുടെ കഷ്ടപ്പാടുകളും ലോകത്തെ അറിയിക്കാൻ ഇതിലൂടെ അവർക്ക് കഴിയാതെ പോകുന്നു.
ഗസ്സക്കെതിരായ യുദ്ധത്തിന്റെ സുതാര്യവും സത്യസന്ധവുമായ വാർത്തകൾ ഉറപ്പാക്കുന്നതിന് മാധ്യമപ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി. മാധ്യമ സുതാര്യത വർധിപ്പിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള യു.എൻ സംരംഭങ്ങൾക്ക് കുവൈത്തിന്റെ പിന്തുണയും മുബാറക് അൽ ഖാമിസ് പ്രഖ്യാപിച്ചു.
മാധ്യമ സ്വാതന്ത്ര്യം, സുതാര്യത വർധിപ്പിക്കൽ, ഡിജിറ്റലൈസേഷൻ എന്നിവ വഴി മാധ്യമ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിന് കുവൈത്ത് പ്രധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.