കൂടെയുണ്ട്, മീഡിയവണ്ണിനൊപ്പം...
text_fieldsകുവൈത്ത് സിറ്റി: കോടതി ഇടപെടലിലൂടെ മീഡിയാവണിന്റെ ലൈസൻസ് പുതുക്കിക്കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചും മീഡിയവണിന് പിന്തുണ പ്രഖ്യാപിച്ചും കുവൈത്തിൽ അഭ്യുദയകാംക്ഷികൾ ഒത്തുചേർന്നു. ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സാമൂഹിക-ബിസിനസ് - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഭരണകൂടം മാധ്യമങ്ങൾക്കുമേൽ പിടിമുറുക്കികൊണ്ടിരിക്കുന്ന കാലത്ത് മീഡിയവൺ നിരോധനം നീക്കി സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ രാജ്യത്തെ മൊത്തം മാധ്യമങ്ങൾക്കും പുതിയ ദിശാബോധവും ഊർജ്ജവും നൽകിയതായി സംഗമം വിലയിരുത്തി.
വെല്ലുവിളികൾക്കിടയിലും നിയമ വ്യവസ്ഥയെയും ജനങ്ങളെയും അണിനിരത്തി പോരാടാമെന്നും അതിജയിക്കാമെന്നതിനും തെളിവായി സുപ്രീംകോടതി വിധിയെ കാണാം.
ധീരമായ ചെറുത്തു നിൽപാണ് മീഡിയവൺ നടത്തിയതെന്നും സംഗമം ചൂണ്ടികാട്ടി. മീഡിയവൺ കുവൈത്ത് റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മീഡിയവൺ നിരോധനത്തിന്റെയും നിയമപോരാട്ടത്തിന്റെയും വഴികൾ വിശദീകരിച്ച അദ്ദേഹം നിരോധനഘട്ടത്തിൽ പിന്തുണച്ച മുഴുവൻ പേർക്കും നന്ദി അറിയിച്ചു.
മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ പി.ടി ശരീഫ് ഉദ്ഘാടനം ചെയ്തു. മുല്യവും സത്യസന്ധതയും നിഷ്പക്ഷതയുമാണ് മീഡിയവണിന്റെ മുഖമുദ്രയെന്നും അത് അവസാനം വരെ നിലനിർത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാൻ പരമോന്നത കോടതി വരെ പോകേണ്ടിവരുന്നു എന്നത് അപകടകരമായ വസ്തുതയായി കാണണമെന്ന് മുഖ്യാതിഥിയായി സംസാരിച്ച അഡ്വ.ഫാതിമ തഹ്ലിയ പറഞ്ഞു.
ദേശ സുരക്ഷയുടെ കാര്യം പറഞ്ഞ് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കാനുള്ള ഫാഷിസ്റ്റ് രീതിയെയാണ് മീഡിയവൺ വിധിയിലൂടെ കോടതി തള്ളി കളഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി, ബി.ഇ.സി സി.ഇ.ഒ മാത്യു വർഗീസ്, ഖലീൽ അടൂർ, ഹമീദ് കേളോത്ത്, അസീസ് തിക്കോടി, തോമസ് കടവിൽ എന്നിവർ സംസാരിച്ചു. അൽ അൽസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡി.ജി.എം അബ്ദുൽ അസീസ് മാട്ടുവയൽ, ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രിഹെഡ് വിനോദ്, അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസൈഫ, ലുലു എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ് ഷെഫാസ് അഹമ്മദ്, മാംഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ്, ലുലു ഹൈപ്പർ ജി.എം അബ്ദുൽ ഖാദർ, ടോം ആൻഡ് ജെറി എം.ഡി ഷബീർ മണ്ടോളി, വിജയൻ നായർ തുടങ്ങി സാമൂഹിക-ബിസിനസ് - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഫിറോസ് ഹമീദ് സ്വാഗതവും റിപ്പോർട്ടർ സലീം കോട്ടയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.