മെഡിക്കൽ സേവന ഫീസ് വർധന ഈ മാസം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: വിദേശികളുടെ മെഡിക്കൽ സേവന ഫീസ് വർധന ഈ മാസം പ്രാബല്യത്തിലാകുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി.
സ്വകാര്യ പത്രവുമായുള്ള അഭിമുഖത്തിലാണ് ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യത്തിൽ മന്ത്രി സ്ഥിരീകരണം നൽകിയത്.ആദ്യഘട്ടത്തിൽ സന്ദർശക വിസകളിൽ രാജ്യത്തെത്തുന്ന വിദേശികൾക്കാണ് മെഡിക്കൽ സേവന ഫീസ് വർധിപ്പിക്കുക.
രണ്ടാം ഘട്ടത്തിൽ തൊഴിൽ- ആശ്രിത വിസകളിൽ രാജ്യത്ത് കഴിയുന്ന വിദേശികൾക്കിത് ബാധകമാക്കും.
മെഡിക്കൽ-ചികിത്സാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിമാത്രം നിരവധി വിദേശികൾ സന്ദർശക വിസകളിൽ കുവൈത്തിലെത്തുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഈ ഇനത്തിൽ വൻ തുക സർക്കാർ ഖജനാവിൽനിന്ന് ചെലവഴിക്കുന്നുണ്ട്.
ഈ പ്രവണതക്ക് പരിഹാരമായാണ് ആദ്യഘട്ടത്തിൽ സന്ദർശക വിസയിലെത്തുന്നവരുടെ മെഡിക്കൽ സേവന ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്. വിദേശികളുടെ ആരോഗ്യ സേവന ഫീസ് വർധിപ്പിക്കുന്ന കാര്യം ഈദുൽ ഫിത്വറിന് ശേഷം പ്രാബല്യത്തിലാക്കുമെന്ന് റമാദാൻ അവസാനം നടത്തിയ പ്രസ്താവനയിൽ മന്ത്രി സൂചിപ്പിച്ചിരുന്നു.
മന്ത്രാലയത്തിലെ വിവിധ അണ്ടർ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതിനെ കുറിച്ച് ആലോചിക്കും.
ഏതെല്ലാം സേവനങ്ങൾക്ക് എത്ര തോതിൽ ഫീസ് വർധന ഏർപ്പെടുത്തണമെന്നതുൾപ്പെടെ കാര്യങ്ങളാണ് അണ്ടർ സെക്രട്ടറിമാരുമായി കൂടിയാലോചിക്കുക.
എങ്ങനെ വന്നാലും സ്വകാര്യ ആശുപത്രികൾ വിവിധ സേവനങ്ങൾക്ക് ഇൗടാക്കുന്ന ഫീസിനോളം വരുകയില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഫീസിലും 20 ശതമാനത്തിെൻറ കുറവ് സർക്കാർ ആശുപത്രികളിലുണ്ടാകുമെന്നാണ് മന്ത്രാലയം പറയുന്നത്.
മുൻ തീരുമാന പ്രകാരമാണെങ്കിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ മെഡിക്കൽ സേവന ഫീസ് വർധിക്കേണ്ടിയിരുന്നത്. വിശദമായ പഠനങ്ങൾക്ക് ശേഷം പദ്ധതി കൂടുതൽ സുതാര്യമായി നടപ്പിലാക്കുന്നതിനുവേണ്ടിയാണ് നിയമം പ്രാബല്യത്തിലാക്കുന്നത് വീണ്ടും നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.