11 പേരടങ്ങുന്ന ടീം യാത്ര തിരിച്ചു; കുവൈത്തിൽനിന്നുള്ള മെഡിക്കൽ സംഘം വീണ്ടും ഗസ്സയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലേക്ക് വൈദ്യസഹായത്തിനായി വീണ്ടും കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം. വിവിധ മെഡിക്കൽ, സർജിക്കൽ വിഭാഗത്തിൽ നിന്നുള്ള 11 ഫിസിഷ്യന്മാരും കൺസൾട്ടന്റുമാരും അടങ്ങുന്ന മെഡിക്കൽ റിലീഫ് ടീം ഗസ്സയിലേക്ക് തിരിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) വ്യക്തമാക്കി. ഏപ്രിൽ ഏഴുമുതൽ ഫലസ്തീനിലെ കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രി, ഗസ്സ യൂറോപ്യൻ ആശുപത്രി എന്നിവിടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകും.
ഉയർന്ന വിദഗ്ധരായ മെഡിക്കൽ, സർജിക്കൽ പ്രൊഫഷനലുകൾ ഉൾപ്പെടുന്നതാണ് മെഡിക്കൽ ടീമെന്ന് കെ.എസ്.ആർ ഡെപ്യൂട്ടി ജനറൽ ഡയറക്ടറും ടീം ലീഡറുമായ ഒമർ അൽ തുവൈനി പറഞ്ഞു. ഒരു നഴ്സും ഹ്യൂമാനിറ്റേറിയൻ ഡയറക്ടർമാരും സംഘത്തിലുണ്ട്. ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി ഗസ്സയിലെ രണ്ട് ആശുപത്രികളിലും മൂന്ന് ടണിലധികം ഉപകരണങ്ങളുടെ ചികിത്സാ സഹായവും സംഘം ലഭ്യമാക്കും. ശസ്ത്രക്രിയകളിൽ ഗസ്സയിലെ ഡോക്ടർമാരെയും കുവൈത്ത് സംഘം സഹായിക്കും. ഇസ്രായേൽ ആക്രമണത്തിലും ഉപരോധത്തിലും വലയുന്ന ഫലസ്തീൻ ആരോഗ്യ സംവിധാനങ്ങളെ സഹായിക്കലും പരിക്കേറ്റ ഫലസ്തീൻകാരുടെ ഭാരം ലഘൂകരിക്കാനുമാണ് കുവൈത്ത് മെഡിക്കൽ സംഘം ലക്ഷ്യമിടുന്നതെന്ന് അനസ്തേഷ്യോളജിസ്റ്റും പെയിൻ മാനേജ്മെന്റ് സ്പെഷലിസ്റ്റുമായ ഡോ.ഹസൻ ബെഹ്ബെഹാനി പറഞ്ഞു.
രൂക്ഷമായ ആക്രമണവും ദുരിതവും തുടരുന്ന ഗസ്സയിൽ മാനുഷിക ദുരന്തങ്ങൾ തടയുന്നതിന് അടിയന്തര വൈദ്യസഹായം നൽകേണ്ടത് അനിവാര്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് ഫാക്കൽറ്റി അംഗം ഡോ. മുഹമ്മദ് അൽ കന്ദരി പറഞ്ഞു. നേരത്തേ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡോക്ടർമാർ ഗസ്സയിലെത്തി ചികിത്സ സഹായം നൽകിയിരുന്നു. തുടർച്ചയായ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ നിരവധി ആശുപത്രികൾ തകരുകയും, ആരോഗ്യ ജീവനക്കാർ കൊല്ലപ്പെടുകയും മരുന്നിനും ചികിത്സക്കും വലിയ പ്രയാസം അനുഭവിക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.