വളക്കാരൻ സെയ്തുക്കയും ആഘോഷദിനങ്ങളും
text_fieldsഓർമയിലൊരോണപ്പൂവ്....സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകളുടെ സ്മരണകളാണ് മലയാളിക്ക് ഓണം. നാട്ടിൻപുറങ്ങളുടെ നന്മകൾ നിറഞ്ഞ ഭൂതകാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓണം ഓർമകൾ ഓരോ പ്രവാസിയുടെയും മനസ്സിലുണ്ടാകും. പൂവിളിയും പൂക്കളങ്ങളും വഞ്ചിപ്പാട്ടും പശ്ചാത്തലമൊരുക്കുന്ന ആ ഓണക്കാലത്തേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ കോളം. ഓണവുമായി ബന്ധപ്പെട്ട സ്മരണകളും അനുഭവങ്ങളും ഉൾക്കൊള്ളുന്ന ചെറുകുറിപ്പുകളും ഓണച്ചിത്രങ്ങളും kuwait@gulfmadhyamam.netൽ ഇ-മെയിൽ ചെയ്യുക. തിരഞ്ഞെടുത്തവ ‘ഗൾഫ്മാധ്യമം’ പ്രസിദ്ധീകരിക്കും. വാട്സ്ആപ് നമ്പർ: 9795 7790.
ഓണമാകട്ടെ, പെരുന്നാളാകട്ടെ വളക്കാരൻ സെയ്തുക്ക വന്നെത്തുന്നതോടെയാണ് കുട്ടിക്കാലത്ത് ആമണ്ടൂർക്കാരായ ഞങ്ങളുടെ ആഘോഷം തുടങ്ങുക. തലയിൽ വലിയ പെട്ടിയുമായി വള, മാല എന്നു വിളിച്ചുപറഞ്ഞാണ് സെയ്തുക്ക കടന്നുവരുക. പെട്ടി താഴെവെച്ച് തുറക്കാൻ തുടങ്ങുന്നതോടെ പരിസരവാസികളായ സ്ത്രീകളും കുട്ടികളും ചുറ്റും കൂടും. സോപ്പ്, ചീപ്പ്, കണ്ണാടി, പല പേരുകളിലുള്ള വളകൾ, മാല, കമ്മൽ, വാച്ച് മുതലായവ മായാജാലക്കാരനെപ്പോലെ സെയ്തുക്ക പെട്ടിയിൽനിന്ന് പുറത്തെടുക്കും.
ഇവയെല്ലാം കാണവെ എന്തെന്നില്ലാത്ത സന്തോഷം ചുറ്റും കൂടിയവരിൽ നിറയും. അതിനൊപ്പം ആഗ്രഹിച്ചതൊന്നും വാങ്ങിക്കാൻ കഴിയാത്ത നിരാശയും ഇടകലരും. ആ പെട്ടിയിലെ സാധനങ്ങൾ കാണുമ്പോഴുണ്ടായിരുന്ന സന്തോഷവും കൗതുകവും ഈ കനകം വിളയുന്ന മരുഭൂമിയിലെ വലിയ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലൊന്നും പോകുമ്പോൾ കിട്ടാത്തത് എന്തുകൊണ്ടായിരിക്കും!
പൂക്കളമിടാനായി വീടുകളിലും തൊടിയിലും സമൃദ്ധമായി വളർന്നിരുന്ന തുമ്പപ്പൂ, അരിപ്പൂ, കാക്കപ്പൂ, മുക്കുറ്റി തുടങ്ങിയ പൂക്കളാണ് ഉപയോഗിച്ചിരുന്നത്. കുറഞ്ഞത് 10 ദിവസമെങ്കിലും നീണ്ടുനിന്നിരുന്ന രസകരമായ ആഘോഷങ്ങളും കലാപരിപാടികളും പരമ്പരാഗത കളികളും ചിരികളുമൊക്കെയായി ആമണ്ടൂർ ഓണക്കാലത്തെ ശരിക്കും കൊണ്ടാടിയിരുന്നു.
കുടുംബാംഗങ്ങൾ ഒത്തുചേരുന്നതിനും വീടുകളിൽ പൂക്കളമിടാൻ പൂക്കൾ പറിക്കാൻ ഇറങ്ങുന്നതും ഒളിച്ചുകളിക്കലും പട്ടംപറത്തലും ഊഞ്ഞാലാടലും ഒക്കെയായ ആഘോഷങ്ങളിൽ ഞങ്ങളും ഭാഗഭാക്കാവും. എന്നാൽ, ഇന്ന് എല്ലാം മാറി. നാട്ടിൻപുറത്തെ വയലുകൾ അതിവേഗം അപ്രത്യക്ഷമാകാൻ തുടങ്ങി. ആ പഴയ വരമ്പുകളും കളപ്പുരകളുമൊക്കെ അന്യമായി. ഫ്ലാറ്റുകളിലും പടുകൂറ്റൻ കെട്ടിടങ്ങളിലും ഇരുന്ന് ഓണനാളുകൾ ആഘോഷിക്കുമ്പോൾ ഒരു കാലത്ത് അത് മലയാളിക്ക് നൽകിയിരുന്ന നന്മയും ചൈതന്യവുമൊക്കെ ഓർത്തുപോകുന്നു.
പണ്ടത്തെ നിഷ്കളങ്ക മനസ്സിൽ ഓണവും പെരുന്നാളുമൊക്കെ ആഘോഷങ്ങളുടെ അസുലഭനിമിഷങ്ങളായിരുന്നു. സാങ്കേതികവിദ്യയുടെ വികസനത്തോടെ ആഘോഷങ്ങളുടെ രൂപവും മാറി. ഓണക്കാഴ്ചകളുടെയും കളികളുടെയും വിഡിയോകളും ഫോട്ടോകളും സ്റ്റാറ്റസും കമന്റും ലൈക്കും റീൽസും ഇമോജിയുമൊക്കെയായി മൊബൈൽ ഫോണുകളിലൂടെ പുതുതലമുറ അർമാദത്തിലാണ്. അപ്പോഴും, എന്തുകൊണ്ടോ ആ പഴയകാല ആഘോഷങ്ങൾ നൽകിയ സന്തോഷം മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.