പൊന്നോണപ്പുലരിയിതാ...
text_fieldsസമ്പൽസമൃദ്ധമായ ഭൂതകാല സ്മരണയിൽ ലോകമെങ്ങുമുള്ള മലയാളികള്ക്ക് ഇന്ന് ഓണം. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ ഒരേ മനസ്സോടെ മലയാളികൾ ആഘോഷിക്കുന്ന ഉത്സവം. പ്രവാസലോകവും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാട്ടിലെ ഓണാഘോഷ ഓർമയിലാകും പ്രവാസി മലയാളികളുടെ മനസ്സ്. തൊഴിൽ ദിനമായതിനാൽ ഇന്ന് ആഘോഷങ്ങളും കുറവായിരിക്കും. നാട്ടിലെ പ്രിയപ്പെട്ടവരെ വിളിച്ചും ആശംസകൾ കൈമാറിയും പ്രവാസികളുടെ ഓണദിവസം അവസാനിക്കും.
വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പ്രവാസികളുടെ ആഘോഷങ്ങൾ. സംഘടനകളും കൂട്ടായ്മകളും ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു. മാവേലിയും പുലികളിയും ചെണ്ടമേളവും കേമൻ സദ്യയും കലാപരിപാടികളും ഒരുക്കി പ്രവാസികൾ നാടിനെക്കാൾ മനോഹരമായി ഇനി ഓണം ആഘോഷമാക്കും.
ഓർമയിൽ ഒരു ഓണനൊമ്പരം
ഓണം അനുഭവങ്ങളുടേതിനൊപ്പം ഓർമകളുടേതു കൂടിയാണ്. ബാല്യത്തിലെ കളികളും കൂട്ടുകാരും കൊച്ചു കുസൃതികളുമൊക്കെയാകും നാം എത്ര വലുതായാലും മനസ്സിൽ ആദ്യം ഓടിയെത്തുക. മനോഹരമായ ആ ഓർമകൾക്കുള്ളിൽ ഒരു ഓണക്കാലം മനസ്സിൽ ചെറിയ നൊമ്പരംകൂടി പടർത്തി.
അന്ന് ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടക്കുന്ന തൊട്ടുമുമ്പ്, സ്കൂളിൽ പ്രൊജക്ടർ വെച്ചുള്ള സിനിമ പ്രദർശനം നടന്നു. നാട്ടിൽ ടി.വി വന്നുതുടങ്ങുന്നതേ ഉള്ളൂ. സിനിമ കാണാനുള്ള അവസരം വളരെ കുറവ്. അതുകൊണ്ടുതന്നെ സ്കൂളിൽ പ്രദർശിപ്പിച്ച സിനിമ ഞങ്ങളിൽ വലിയ സന്തോഷമുണ്ടാക്കി.
മധു നായകനായുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു അത്. സിനിമ കഴിഞ്ഞ് അന്നത്തെ ഞങ്ങളുടെ കളി അതിലെ കഥാപാത്രങ്ങളായി മാറിയുള്ളതായിരുന്നു. സിനിമയിൽ വീണുകിടക്കുന്ന മധു മറ്റൊരു കഥാപാത്രത്തെ എടുത്തുയർത്തുന്ന ഒരു ഭാഗമുണ്ട്. അതാണ് അന്ന് അഭിനയിച്ചു കളിക്കുന്നത്.
മധുവായ ഞാൻ എന്റെകൂടെ പഠിക്കുന്ന സുഹൃത്തിനെ രണ്ടു കൈകൊണ്ട് വാരിയെടുക്കുന്നു. പെട്ടെന്ന് എന്റെ കൈ തെന്നി കൂട്ടുകാരൻ താഴെ വീണു. സ്കൂളിന്റെ തൊട്ടടുത്തു വയലാണ്.
അവിടെ വെള്ളം പോകാനുള്ള ചെറിയ കാനയിലേക്കാണ് കൂട്ടുകാരൻ വീണത്. ഇതോടെ കളി കാര്യമായി. അവന്റെ കരച്ചിൽ ഉയർന്നു. മറ്റു കുട്ടികളും അധ്യാപകരും ഓടിയെത്തി. ഞാൻ ആകെ പരിഭ്രമിച്ചു. കൂട്ടുകാരനെ ആശുപത്രിലേക്ക് കൊണ്ടുപോയി.
അന്ന് സ്കൂൾ ഓണാവധിക്ക് അടച്ചു. എന്റെ കൈയിൽനിന്ന് ഇത് സംഭവിച്ചല്ലോ എന്ന സങ്കടത്തോടെയും അടികിട്ടുമോ എന്ന പേടിയോടും കൂടിയാണ് അന്ന് വീട്ടിലേക്കു മടങ്ങിയത്. കൂട്ടുകാരന്റെ കൈക്കു പൊട്ടലുണ്ടായിരുന്നു. പ്ലാസ്റ്റർ ഇടേണ്ടിയും വന്നു. അങ്ങനെ അവനും എനിക്കും സങ്കടം നിറഞ്ഞ ഓണാവധിക്കാലമായി അത്.
സ്കൂൾ തുറന്നു ദിവസങ്ങൾ കഴിഞ്ഞാണ് കൂട്ടുകാരന് സ്കൂളിൽ വരാൻ പറ്റിയത്. ബാല്യത്തിലെ ഓണത്തെ കുറിച്ചുള്ള ഓർമകൾ മനസ്സിലേക്ക് വരുമ്പോൾ ആദ്യ കാഴ്ചയായി എന്നും ഇത് ഓടിവരും. ആ കൂട്ടുകാരൻ ഒരു വാട്സ്ആപ് ചാറ്റിനപ്പുറത്ത് ഇപ്പോഴും കൂടെയുണ്ട് എന്നത് അപ്പോൾ ഉള്ളിൽ ആഹ്ലാദം നിറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.