കോവിഡ് കാലം: നോവോർമകളും നിസ്സഹായതയും
text_fieldsചില അനുഭവങ്ങൾ എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. അത്തരത്തിൽ നൊമ്പരം പടർത്തുന്നതാണ് നവീദ് എന്ന പാക് പൗരന്റെ ഓർമകൾ. ഗൾഫ് മാധ്യമം സിംഫണി ഓഫ് കുവൈത്ത് കാമ്പയിനിന്റെ ഭാഗമായി കോവിഡ്കാല അനുസ്മരണങ്ങൾ പ്രസിദ്ധീകരിച്ചുകണ്ടപ്പോൾ മനസ്സിലെത്തിയതാണ് ഈ അനുഭവം.
ഞാൻ താമസിക്കുന്ന സാൽമിയയിലെ കെട്ടിടത്തിന്റെ നോട്ടക്കാരനായ വളാഞ്ചേരിക്കാരൻ ബഷീർക്കയെ പരിചയപ്പെടുത്താതെ ഈ കുറിപ്പ് പൂർണമാകില്ല. വിശാല മനസ്കനും പരോപകാരിയുമായ നല്ല മനുഷ്യൻ.
നിശ്ശബ്ദമായി കാരുണ്യപ്രവർത്തനം നടത്തുന്ന അറിയപ്പെടാത്ത മനുഷ്യസ്നേഹിയായിരുന്നു ബഷീർക്ക. കെട്ടിടത്തിന്റെ താഴെനിലയിൽ ഏതാനുംപേർ താമസിച്ചിരുന്നു. രോഗികൾ, സാമ്പത്തിക ശേഷിയില്ലാത്തവർ തുടങ്ങി ബഷീർക്കയുടെ അടുക്കലെത്തുന്ന ആർക്കും അവിടെ അഭയമുണ്ട്.
ദേശത്തിന്റെയോ മതത്തിന്റേയോ ഭാഷയുടെയോ വിവേചനമില്ലാത്ത നന്മയുടെ മാലാഖ സാന്നിധ്യം. അപ്രകാരം ബഷീർക്കയുടെ സഹായം സ്വീകരിച്ചുകഴിയുന്നവരിൽ മധ്യവയസ്കനായ നവീദ് എന്ന് പേരുള്ള ഒരു പാകിസ്താനിയുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ തീക്ഷ്ണത അന്തരീക്ഷത്തിൽ മുറ്റിനിൽക്കുന്ന 2020 മേയിലെ ഉഷ്ണമുള്ള ഒരു സായാഹ്നത്തിൽ ബഷീർക്ക എന്റെയടുത്ത് വന്ന് പാകിസ്താനിക്ക് ക്ഷീണവും കലശലായ ശ്വാസതടസ്സവും ഉണ്ടെന്നറിയിച്ചു.
ഞാൻ ജോലി ചെയ്യുന്ന മുബാറക് അൽ കബീർ ആശുപത്രിയിൽനിന്ന് ഏതാനും മാസം മുമ്പ് ആൻജിയോ പ്ലാസ്റ്റിക് വിധേയനായ ഹൃദ്രോഗി കൂടിയാണ് നവീദ്. ലോക് ഡൗൺ ആണെങ്കിലും ആരോഗ്യപ്രവർത്തകനായ എനിക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ഞാൻ ഉടനെ കാറെടുത്ത് അയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു. പരിശോധനക്ക് ശേഷം അയാൾ കോവിഡ് രോഗിയാണെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല, സ്ഥിതി അൽപം മോശമായത് കാരണം തീവ്ര പരിചരണ വാർഡിലാണ് പ്രവേശിപ്പിച്ചത്. അയാളുടെ മൊബൈൽ ചാർജർ ഫ്ലാറ്റിൽ മറന്നുവെച്ചുവെന്ന് എന്നോട് പറഞ്ഞു. നാളെ ഡ്യൂട്ടിക്ക് വരുമ്പോൾ കൊണ്ടുവരാമെന്ന് പറഞ്ഞ് ഞാനിറങ്ങി. പിറ്റേദിവസം ഡ്യൂട്ടിക്ക് പുറപ്പെടുമ്പോൾ ബഷീർക്കയോട് പറഞ്ഞ് പാകിസ്താനിയുടെ മൊബൈൽ ചാർജർ വാങ്ങി. അയാളുടെ സുഖവിവരങ്ങൾ തിരക്കണമെന്നും അറിയിക്കണമെന്നും ബഷീർക്ക പറഞ്ഞു.
ആശുപത്രിയിൽ കോവിഡ് വാർഡിലേക്ക് മറ്റ് ജീവനക്കാർക്ക് പ്രവേശനമില്ല. തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേകം ജീവനക്കാരാണ്. അതുകൊണ്ട് ഞാൻ അവിടേക്ക് ആളുടെ പേരെഴുതി മൊബൈൽ ചാർജർ കൊടുത്തുവിട്ടു. അൽപം കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് അറിയാൻ കഴിഞ്ഞത് അയാൾ മരണമടഞ്ഞെന്നും മൃതദേഹം മറവുചെയ്യാൻ കൊണ്ടുപോയെന്നുമാണ്.
പാകിസ്താനിലെ കുടുംബം അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോ മരണപ്പെട്ടതോ ഒന്നുമറിഞ്ഞിട്ടില്ല. ബഷീർക്ക അദ്ദേഹത്തിന്റെ നാട്ടിലെ നമ്പർ പരതിയെടുത്ത് വിവരമറിയിക്കുകയായിരുന്നു.
അപ്പോഴേക്കും ആ മനുഷ്യന്റെ എല്ലാ അടയാളങ്ങളും മണ്ണോട് ചേർന്നുകഴിഞ്ഞിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ഞാനും ബഷീർക്കയും ക്വാറൻറീനിൽ പ്രവേശിച്ചു. ക്വാറൻറീൻ അവസാനിച്ചിട്ടും കെട്ടിടത്തിലെ മറ്റുള്ളവർക്ക് ഞങ്ങളെ ഭയമായിരുന്നു. എന്റെ കാർ കഴുകുന്ന വ്യക്തി ആ വഴിക്ക് വരാതെയായി. കൂടെ കാറിൽ കയറാറുള്ള സുഹൃത്തുക്കളെ പിന്നെ കുറെ ദിവസത്തേക്ക് കാണാതായി. ഈ കാലവും കടന്നുപോകും. അത് എത്രയും വേഗമാകട്ടെ എന്ന് പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.