സെൻട്രൽ ജയിലിലെ സേവനങ്ങൾ വിലയിരുത്തി മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് സെൻട്രൽ ജയിലിൽ സന്ദര്‍ശനം നടത്തി. ജയിലിലെ വർക്ക് ഷോപ്പുകൾ, അൽ ഹസാവി സെന്റർ സ്കൂൾ, പബ്ലിക് ജയിൽ ഹാളുകൾ എന്നിവ അദ്ദേഹം പരിശോധിച്ചു.
ജയിലിൽ നൽകുന്ന വിവിധ സേവനങ്ങളും പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. തടവുകാരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി പദ്ധതികളാണ് ജയിലിൽ നടന്നു വരുന്നത്.
ഔഖാഫ് മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ തടവുകാര്‍ക്കായി അൽ ഹസാവി സെന്റർ സ്കൂൾ ആരംഭിച്ചിട്ടുമുണ്ട്. മാനുഷിക മാനദണ്ഡങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും പാലിക്കുന്ന മാതൃക ജയിലുകളാക്കി രാജ്യത്തെ ജയിലുകളെ മാറ്റുമെന്ന് ശൈഖ് ഫഹദ് യൂസഫ് പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തുന്ന സുരക്ഷ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
മനുഷ്യാവകാശ കാര്യ സഹമന്ത്രി അംബാസഡർ ശൈഖ ജവഹര്‍, ആക്ടിങ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ ഉബൈദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.