റെഡ് ഫോർട്ട് സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ട് പുനരുദ്ധാരണ പദ്ധതിയുടെയും ജഹ്റയിലെ പുതിയ ആയുധ മ്യൂസിയത്തിന്റെയും ഉദ്ഘാടനം ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി നിർവഹിച്ചു.
രാജ്യത്തിന്റെ ദേശീയ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗവും പൂർവ ജനതയുടെ അനുഭവങ്ങളുടെ സത്തയുമാണ് ഇത്തരം പൈതൃകങ്ങളെന്ന് മന്ത്രി പറഞ്ഞു. മുന്നോട്ടുള്ള കുതിപ്പിന് ഇവ ഊർജം നൽകുന്നു.
ചരിത്രപരമായ സ്ഥലങ്ങൾ കേവലം നിശബ്ദമായ കെട്ടിടങ്ങളല്ല, രാജ്യങ്ങളുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും ജീവനുള്ള മൂർത്തീഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലും പൈതൃകത്തിലും ശ്രദ്ധിക്കാതെ ഭാവി കെട്ടിപ്പടുക്കാൻ കഴിയില്ലന്നും വ്യക്തമാക്കി.
റെഡ് ഫോർട്ട്
1896ൽ കുവൈത്ത് ഭരണാധികാരി ശൈഖ് മുബാറക് അസ്സബാഹാണ് റെഡ് ഫോർട്ട് നിർമിച്ചത്. 1920ൽ പ്രസിദ്ധമായ ജഹ്റ യുദ്ധത്തിനും ഈ കോട്ട സാക്ഷിയായി. മരുഭൂമിയിലെ കുറ്റിച്ചെടികൾ കലർന്ന ചളിയിൽനിന്ന് രൂപപ്പെടുത്തിയ ഇഷ്ടികകൾ കൊണ്ടാണ് കോട്ടയുടെ നിർമാണം.
15 അടി ഉയരവും 2 അടി വീതിയുമുള്ള മതിലിനാൽ ചുറ്റപ്പെട്ട കോട്ട, സമചതുരമാണ്. നാല് വശവും വാച്ച് ടവറുകളുമുണ്ട്. മുപ്പത്തിമൂന്ന് മുറികളും ആറ് നടുമുറ്റങ്ങളും കോട്ടയിലുണ്ട്. ഇവക്കിടയിൽ സുന്ദരമായ വരാന്തകളും ഗോവണികളും പരസ്പരം ബന്ധിപ്പിക്കുന്നു. കോട്ടയുടെ മധ്യഭാഗത്ത് ഒരു കിണറുമുണ്ട്.
കോട്ടയോടു ചേർന്ന് പുരാവസ്തു മ്യൂസിയവും അടുത്തിടെ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആയുധങ്ങൾ, ചരിത്ര വസ്തുക്കൾ എന്നിവ ഇവിടെ കാണാം. കുവൈത്ത് ജനതയുടെ ആയുധങ്ങളുമായുള്ള ബന്ധം, പ്രതിരോധം, വേട്ടയാടൽ എന്നിവയെ മ്യൂസിയം പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.