ഡബ്ല്യു.ടി.ഒ സമ്മേളനത്തിൽ വാണിജ്യ, വ്യവസായ മന്ത്രി പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യു.ടി.ഒ) 13ാമത് മന്ത്രിതല സമ്മേളനത്തിൽ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ ജോവാൻ പങ്കെടുത്തു. വ്യാപാര സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമാണ് സമ്മേളനമെന്നും ബഹുമുഖ വ്യാപാര സംവിധാനത്തിന്റെ കഴിവ് വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
കുവൈത്ത് ബഹുമുഖ വ്യാപാര സംവിധാനത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ അംഗരാജ്യങ്ങളുമായും ക്രിയാത്മകമായി പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷയുടെ സുസ്ഥിരതക്കും ആഗോള വിതരണ ശൃംഖലകളുടെ ഒഴുക്കിനും ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകൾക്ക് അനുസൃതമായ രീതിയിൽ പങ്കാളിത്തം വർധിപ്പിക്കാൻ അൽ ജോവാൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കും ചൂണ്ടിക്കാട്ടി.
ഈ മാസം 29 വരെ തുടരുന്ന കോൺഫറൻസിൽ ഒ.ഐ.സി, നിരീക്ഷക അംഗങ്ങൾ, സ്വകാര്യമേഖല നേതാക്കൾ, എൻ.ജി.ഒകൾ, സിവിൽ സൊസൈറ്റി എന്നിവരിൽ നിന്നുള്ള 175 പ്രതിനിധി സംഘങ്ങൾ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.