ആശ്വാസവുമായി മന്ത്രി മായ് അൽ ബാഗ്ലി തുർക്കിയയിൽ
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ തകർന്ന തുർക്കിയക്ക് ആശ്വാസവുമായി സാമൂഹിക വികസന മന്ത്രിയും വനിത-ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ ബാഗ്ലി തുർക്കിയയിലെത്തി. കുവൈത്ത് ആരംഭിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് മന്ത്രിയുടെ സന്ദർശനം.
തുർക്കിയയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതിയും സാമഗ്രികളുടെ വിതരണവും മന്ത്രി വിലയിരുത്തി. തുർക്കിയ സർക്കാർ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ചയും സന്ദർശന ലക്ഷ്യമാണ്. കുവൈത്തിലെ തുർക്കിയ അംബാസഡർ തുബ സോൻമെസ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു. കുവൈത്ത് എയർഫോഴ്സ് വിമാനം വഴിയാണ് സംഘം തുർക്കിയയിലെത്തിയത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭ സാമൂഹിക വികസന മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ നിർദേശങ്ങൾ കണക്കിലെടുത്താണ് ദുരന്തമേഖല സന്ദർശനം. ദുരന്തത്തിനുപിറകെ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം, തുർക്കിയയിലേക്ക് അടിയന്തര സഹായങ്ങളും മെഡിക്കൽ സ്റ്റാഫുകളെയും അയക്കുന്നതിനായി എയർ ബ്രിഡ്ജ് സ്ഥാപിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൈന്യം, കുവൈത്ത് ഫയർ ഫോഴ്സ്, കുവൈത്ത് ക്രസന്റ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
ദുരിതം നേരിടുന്നവർക്കൊപ്പം കുവൈത്തുണ്ട്– മന്ത്രി
കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്കൊപ്പം കുവൈത്ത് നിലകൊള്ളുന്നതായി സാമൂഹികകാര്യ വികസന മന്ത്രിയും വനിത-ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ ബാഗ്ലി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മന്ത്രി പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. നിർഭാഗ്യകരമായ സംഭവങ്ങളെ കുവൈത്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദർശന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിവിധ ക്യാമ്പുകളും ദുരിതാശ്വാസ പ്രവർത്തന കേന്ദ്രങ്ങളും മന്ത്രി സന്ദർശിച്ചു.
ദുഷ്കരമായ സമയത്ത് തുർക്കിയ ജനതക്കൊപ്പം നിന്നതിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി തുർക്കിയ കുടുംബ സാമൂഹിക സേവന ഉപമന്ത്രി റദ്വാൻ ദുറാൻ പറഞ്ഞു. കുവൈത്തിന്റെ നിലപാടുകളോട് തന്റെ രാജ്യത്തിന്റെ അഭിനന്ദനവും അദ്ദേഹം മായ് അൽ ബാഗ്ലിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.