ശുവൈഖ് സെൻട്രൽ മാർക്കറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിപണിയിലെ ക്രമക്കേടുകൾ തടയാൻ നടപടികൾ കർശനമാക്കി സർക്കാർ. ബുധനാഴ്ച ശുവൈഖിലെ സെൻട്രൽ മാർക്കറ്റിൽ വാണിജ്യമന്ത്രി ഫഹദ് അൽ ശരിആൻ മിന്നൽ പരിശോധന നടത്തി. ചില ഉൽപന്നങ്ങളുടെ വില സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് പരിശോധനക്കെത്തിയത്. കൃത്രിമ വില വർധന ഇല്ലെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
റമദാനിലെ ഉയർന്ന ഉപഭോഗം കണക്കിലെടുത്ത് ഉൽപന്നങ്ങളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും സഹകരണ സ്റ്റോറുകളിലും പരിശോധന തുടരുകയാണ്. കൃത്രിമ വിലക്കയറ്റം തടയാനായി നിത്യോപയോഗ സാധനങ്ങളുടെ കമ്പോള വില നിലവാരം വാണിജ്യ മന്ത്രാലയം വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളുടെ വില നേരിട്ട് പരിശോധിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ സംവിധാനം. വില വിവരം നിത്യവും അപ്ഡേറ്റ് ചെയ്യുമെന്നും കൂടുതൽ ഉൽപന്നങ്ങൾ പട്ടികയിൽ ചേർക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.