പുകയില ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: പുകയിലയുടെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ആരോഗ്യ മന്ത്രാലയം. ദേശീയ പുകവലി വിരുദ്ധ പരിപാടിയുമായി സഹകരിച്ചുള്ള കാമ്പയിന് ബുധനാഴ്ച ആരോഗ്യ മന്ത്രാലയം ആരംഭം കുറിച്ചു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയം സഹകരിച്ച് ‘നമുക്ക് ഭക്ഷണം വളർത്താം...പുകയിലയല്ല’ എന്ന മുദ്രാവാക്യത്തിലാണ് കാമ്പയിൻ.
മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പുകവലിക്കാരുടെ എണ്ണം കുറക്കാൻ പ്രവർത്തിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ പുകവലി വിരുദ്ധ പരിപാടി വൈസ് പ്രസിഡന്റ് ഡോ.അഹമ്മദ് അൽ ശാത്തി പറഞ്ഞു. ബോധവത്കരണ പ്രക്രിയകൾ, പുകയില വിൽപന നിയന്ത്രണം, പൊതുസ്ഥലങ്ങളിൽ പുകവലി തടയൽ, പുകവലി പരസ്യങ്ങൾ, പ്രോത്സാഹനം എന്നിവയുടെ നിരുത്സാഹപ്പെടുത്തൽ എന്നിവക്ക് മുൻതൂക്കം നൽകും. പുകവലി പുരുഷന്മാരിൽ മാത്രമല്ല, രണ്ട് ലിംഗങ്ങളിലും കണ്ടുവരുന്നതായും അൽ ശാത്തി പറഞ്ഞു. പുകയില വില വർധിപ്പിക്കേണ്ടതിന്റെയും നികുതി ചുമത്തുന്നതിന്റെയും കള്ളക്കടത്ത് തടയുന്നതിന്റെയും പ്രാധാന്യവും ചൂണ്ടിക്കാട്ടി.
പുകയില നമ്മുടെ ആരോഗ്യത്തെയും രാജ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഹെൽത്ത് പ്രമോഷൻ ഡിപ്പാർട്മെന്റ് മേധാവിയും നാഷനൽ ആന്റി സ്മോക്കിങ് പ്രോഗ്രാം അംഗവുമായ ഡോ.അബീർ അൽ ബഹൂ പറഞ്ഞു. പുകയില കൃഷി അവസാനിപ്പിക്കാനും ഭക്ഷ്യസുരക്ഷയും പോഷകാഹാരവും മെച്ചപ്പെടുത്തുന്നതിന് കർഷകരെ സഹായിക്കുന്ന കൂടുതൽ സുസ്ഥിര വിളകളിലേക്ക് മാറാനും ഗവൺമെന്റുകളെ പ്രോത്സാഹിപ്പിക്കൽ കാമ്പയിൻ ലക്ഷ്യമിടുന്നതായും ഡോ.അബീർ അൽ ബഹൂ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.