റമദാനിൽ ആരോഗ്യ മാനദണ്ഡം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. സാമൂഹിക ഒത്തുചേരലുകളും സന്ദർശനങ്ങളും ധാരാളമായി നടക്കുന്ന വിശുദ്ധ മാസത്തിൽ എല്ലാവരും ആരോഗ്യ സുരക്ഷക്ക് മുൻകരുതൽ നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു.
രാജ്യ നിവാസികൾക്ക് റമദാൻ ആശംസകൾ നേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ. കോവിഡ് നിയന്ത്രണങ്ങൾ ഏറക്കുറെ നീങ്ങിയ ഘട്ടത്തിലാണ് ഇക്കുറി റമദാൻ എത്തുന്നത്.
രാജ്യത്തെ നിലയിലെ ആരോഗ്യസ്ഥിതി ഏറെ മെച്ചമാണ്. ഈ സാഹചര്യം നിലനിർത്തണമെങ്കിൽ ജനങ്ങൾ ആരോഗ്യമാനദണ്ഡങ്ങൾ തുടർന്നും പാലിക്കണം. കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ധാരാളമായി നടക്കുന്ന പുണ്യമാസത്തിൽ ഇക്കാര്യത്തിൽ ഉപേക്ഷ പാടില്ലെന്ന് മന്ത്രാലയം ഉണർത്തി.
അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും അകലംപാലിക്കാനും നിർദേശിച്ച മന്ത്രാലയം പ്രായമായവരുടെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെയും കാര്യത്തിൽ ഹസ്തദാനം, ചുംബനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.
കൈകൾ വൃത്തിയായി സൂക്ഷിക്കുക, കുടുംബ പരിധിക്കനുസരിച്ച് ഒത്തുചേരൽ പരിമിതപ്പെടുത്തുക, വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് അതു പൂർത്തിയാക്കുക എന്നിവ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
റമദാൻ ആഗതമാകുന്നതിനു മുമ്പ് കോവിഡ് പോരാട്ടത്തിൽ പുരോഗതി കൈവരിക്കാനായതിൽ ദൈവത്തിന് നന്ദി അറിയിക്കുന്നതായും മഹാമാരി രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങാൻ പ്രാർഥിക്കുന്നതായും പ്രസ്താവനയിൽ ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.