സമാന്തര ട്രാൻസ്പോർട്ട് സർവിസിനെതിരെ ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി ആളുകളെ കൊണ്ടുപോകുന്ന വാൻ ട്രാൻസ്പോർട്ട് സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടിക്കൊരുങ്ങുന്നു. ജലീബ് അൽ ശുയൂഖ് കേന്ദ്രീകരിച്ചുള്ള സമാന്തര ട്രാൻസ്പോർട്ട് സർവിസിന് തടയിടുകയാണ് അധികൃതരുടെ ലക്ഷ്യം. ജലീബ് അൽ ശുയൂഖിന്റെ ഭാഗമായ അബ്ബാസിയയും ഹസാവിയുമാണ് പ്രൈവറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പ്രധാന കേന്ദ്രം. ഇത്തരം സർവിസുകളെ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധന കാമ്പയിനിന് ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി അബ്ബാസിയയിലും ഹസാവിയിലും രഹസ്യപൊലീസ് നിരീക്ഷണം ശക്തമാക്കിയതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു.
അനധികൃത ട്രാൻസ്പോർട്ട് സർവിസിന്റെ പേരിൽ പിടിയിലാകുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്നും വാഹന ഉടമയുടെ പേരിലുള്ള കമേഴ്സ്യൽ ലൈസൻസ് റദ്ദ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ശുയൂഖിൽ തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രൈവറ്റ് ട്രാൻസ്പോർട്ട് സർവിസുകൾ സജീവമാണ്.
ഇതോടൊപ്പം പബ്ലിക് ട്രാൻസ്പോർട്ട് കമ്പനികൾക്ക് ഭീഷണിയാകുന്ന വിധം സമാന്തര സർവിസുകളും ആരംഭിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജലീബ് അൽ ശുയൂഖിനകത്തെ ഗതാഗതക്കുരുക്കിനും പ്രതിസന്ധിക്കും പ്രധാനകാരണം ഇത്തരം വാഹനങ്ങളുടെ ആധിക്യമാണെന്നാണ് വിലയിരുത്തൽ. ടാക്സി, കമ്പനികളുടെയും ട്രാൻസ്പോർട്ടിങ് കമ്പനികളുടെയും പേരിലുള്ള വാനുകൾക്ക് പുറമെ വ്യക്തികൾ സ്വന്തം നിലക്കും ട്രാൻസ്പോർട്ട് സർവിസ് നടത്തുന്നുണ്ട്. ജലീബിൽ അടുത്തിടെ നടന്ന സുരക്ഷ പരിശോധനകളിൽ അനധികൃതമായി സർവിസ് നടത്തുന്ന നിരവധി വാഹനങ്ങൾ പിടികൂടിയിരുന്നു.
സാമ്പത്തിക ലാഭം നോക്കിയാണ് പലരും പ്രൈവറ്റ് ട്രാൻസ്പോർട്ട് സർവിസുകളെ ആശ്രയിക്കുന്നത്. എന്നാൽ, പൊതുഗതാഗതത്തിനുള്ള ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് പോലും ലഭിക്കില്ല എന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.