വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം; പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പ്രിന്റിങ് നിർത്തില്ല
text_fieldsകുവൈത്ത് സിറ്റി: എല്ലാത്തരം ഡ്രൈവിങ് ലൈസൻസുകളുടെയും പ്രിന്റിങ് നിർത്തിയെന്നും ഡിജിറ്റൽ പതിപ്പിൽ മാത്രമാക്കിയെന്നുമുള്ള വാർത്തയിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം.
ഡ്രൈവിങ് ലൈസൻസുകളല്ല, ഡ്രൈവിങ് പെർമിറ്റുകളാണ് ഡിജിറ്റൽ രീതിയിലേക്ക് മാറിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡ്രൈവിങ് പെർമിറ്റുകളുടെ വിഭാഗത്തിൽ ഓൺ-ഡിമാൻഡ് ഫെയർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, പബ്ലിക് ബസ്, മൊബൈൽ ഫെയർ, വ്യക്തിഗത ഡ്രൈവിങ് ഇൻസ്ട്രക്ടർ, വാൻ എന്നിവ ഉൾപ്പെടുന്നു.
ഇവയുടെ പെർമിറ്റുകൾ പേപ്പർ സിസ്റ്റത്തിൽനിന്ന് ഇലക്ട്രോണിക് പെർമിറ്റിലേക്ക് മാറ്റും. ഇതാണ് ആഭ്യന്തര മന്ത്രാലയ ആപ്ലിക്കേഷനിലെ ഡിജിറ്റൽ വാലറ്റിൽ എത്തുക.
ഇതു സംബന്ധിച്ച് പ്രചരിച്ച തെറ്റായ വാർത്തയിൽ ജാഗ്രത പാലിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആവശ്യപ്പെട്ടു.
പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമാകുമെന്നും രാജ്യത്തിന് പുറത്തേക്ക് നിരന്തരം യാത്ര ചെയ്യുന്നതിനാൽ പ്രവാസി ട്രക്ക് ഡ്രൈവർമാരെ മാത്രമാണ് ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയതെന്നും ആയിരുന്നു വാർത്ത. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിൽനിന്ന് മൂന്നു വർഷമായി ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.