ബജറ്റിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചു –ഇസ്ലാഹി സെന്റർ
text_fieldsകുവൈത്ത് സിറ്റി: മുസ്ലിം സമുദായത്തെ പുറത്തുനിർത്തിയ ബജറ്റുകളാണ് കേന്ദ്ര - സംസ്ഥാന സര്ക്കാറുകളുടേതെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) കേന്ദ്ര സെക്രട്ടേറിയറ്റ്. നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുകയും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ബഹുസ്വര-ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തെറിയുകയാണ്. കേരളത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം രാജ്യത്തിന്റെ പൊതുധാരയില്‍നിന്നും അകറ്റി നിര്‍ത്തുകയാണെന്നും കുറ്റപ്പെടുത്തി. സച്ചാര്‍ കമീഷന് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന മുസ്ലിം സ്കോളര്‍ഷിപ് പദ്ധതി പുനരാരംഭിക്കാന്‍ തയാറാവാതിരിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പദ്ധതി വിഹിതം കുറക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് കടുത്ത അനീതിയാണ്. മലബാര്‍ മേഖലയിലെ ഹയര്‍ സെക്കൻഡറി-ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം ബജറ്റ് അവഗണിച്ചത് നീതീകരിക്കാനാവില്ല.
വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മകൊണ്ടും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേൽപിക്കുന്ന കേന്ദ്ര-കേരള ബജറ്റുകള്‍ ജനവിരുദ്ധമാണ്. പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ സെസ്സ് പിന്‍വലിക്കണം. ഇന്ത്യന്‍ സമ്പദ് ഘടനയുടെ അടിത്തറയിളക്കിയ അദാനി കമ്പനി ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഐ.ഐ.സി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ തങ്ങൾ, അനസ് പാനായികുളം, അയ്യൂബ് ഖാൻ മാങ്കാവ്, അബ്ദുന്നാസർ മുട്ടിൽ, ശമീം ഒതായി, സഅ്ദ് പുളിക്കൽ, മനാഫ് മാത്തോട്ടം, ഫൈസൽ വടകര, മുർഷിദ് അരീക്കാട്, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും യു.പി. മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.