മിശ്രിഫ് ഫീൽഡ് ആശുപത്രി വിദേശികളുടെ വൈദ്യ പരിശോധന കേന്ദ്രമാക്കും
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചുപോന്നിരുന്ന മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാംനമ്പർ ഹാൾ വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന കേന്ദ്രമാക്കി മാറ്റുന്നു. ഫീൽഡ് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ആണ് ഇക്കാര്യം അറിയിച്ചത്. ശുവൈഖ്, ജഹ്റ, സബ്ഹാൻ, സബാഹ് അൽ സാലിം സബർബ് സെൻറർ എന്നിവിടങ്ങളിലെ മെഡിക്കൽ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ സേവനങ്ങൾ ഇവിടെ ലഭ്യമാക്കും. വേനൽക്കാലം പരിഗണിച്ച് ആവശ്യമായ ശീതീകരണ സംവിധാനങ്ങളോടു കൂടിയ കാത്തിരിപ്പ് മുറികൾ സജ്ജീകരിക്കുമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദേശ തൊഴിലാളികൾ മെഡിക്കൽ ടെസ്റ്റ് എടുക്കുന്ന കേന്ദ്രങ്ങളിലെ രൂക്ഷമായ തിരക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ശുവൈഖ് ടെസ്റ്റിങ് സെൻററിൽ ആളുകൾ വെയിലത്ത് ദീർഘനേരം കാത്തുനിൽക്കുന്നത് സംബന്ധിച്ച പത്രവാർത്തകൾ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ റിദയും പൊതുജനാരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എട്ടുപേർ മാത്രമേ ആകെ കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളൂ. ഇതിൽ തന്നെ രണ്ടു പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ആഴ്ചകളായി കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നില്ല. അമ്പതോളം പേർക്ക് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നുവെങ്കിലും രോഗമുക്തി ഇതിനേക്കാൾ അധികമാണ്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗത്തിനും ഗുരുതരാവസ്ഥയോ രോഗലക്ഷണം പോലുമോ ഇല്ല. ഇൗ സാഹചര്യത്തിൽ ഫീൽഡ് ആശുപത്രി നിലനിർത്തേണ്ട ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.