മിഷൻ വിങ്സ് ഒാഫ് കംപാഷൻ: കുവൈത്തിൽനിന്ന് 182 പേർ യാത്രയായി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായി ദുരിതാവസ്ഥയിലുള്ളവർക്ക് നാടണയാനായി ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് നടത്തിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിക്ക് കീഴിൽ കുവൈത്തിൽനിന്ന് ഇതുവരെ 182 പേർ യാത്രയായി.
കരുണ വറ്റാത്ത മനസ്സുകൾക്കും കാരുണ്യം തേടുന്നവർക്കുമിടയിൽ ഗൾഫ് മാധ്യമവും മീഡിയവണും ഇടനിലക്കാരായപ്പോൾ സഫലമായത് നൂറുകണക്കിന് പ്രവാസികളുടെ നാടണയാമെന്ന സ്വപ്നം. ജി.സി.സി രാജ്യങ്ങളിൽ ആകെ രണ്ടായിരത്തോളം പേർക്ക് പദ്ധതിക്ക് കീഴിൽ വിമാന ടിക്കറ്റ് നൽകി. ഇനിയും ഏതാനും പേർക്ക് അവസരമുണ്ട്. ഇവർ അടുത്ത ദിവസങ്ങളിൽ യാത്രയാവും. സങ്കടക്കടൽ ഉള്ളിൽ പേറുന്ന ആയിരങ്ങളിൽനിന്ന് ഏറ്റവും അർഹരായവരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം 'മിഷൻ വിങ്സ് ഒാഫ് കംപാഷൻ' വളൻറിയർമാർ വിജയകരമായി നിർവഹിച്ചു. അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ചും ഫീൽഡിൽ അന്വേഷണം നടത്തിയും ഏറ്റവും അർഹർക്കുതന്നെയാണ് വിമാന ടിക്കറ്റ് നൽകിയത്.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പ്രവാസി സമൂഹം കഴിഞ്ഞ മാസങ്ങളിൽ കടന്നുപോയത്. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ദുരിതത്തിലായിരുന്നു അപേക്ഷകരിൽ ഭൂരിഭാഗവും. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവരും ഏറെയായിരുന്നു. സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും ഭക്ഷണ വിതരണം ഇല്ലെങ്കിൽ പട്ടിണി മരണങ്ങൾക്ക് പ്രവാസ ലോകം സാക്ഷിയാവുമായിരുന്നു.
ജോലിയില്ലാത്തതിനൊപ്പം രോഗഭീതി കൂടി ആയപ്പോൾ പലരും മാനസികമായി തകർന്നു. എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന മാനസികാവസ്ഥയിൽ നിരാശയിൽ കഴിയുേമ്പാഴാണ് ആശ്വാസമായി മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതി പ്രഖ്യാപിക്കുന്നത്. സഹായം ചോദിക്കാൻ ആരുമില്ലാത്ത ഗാർഹികത്തൊഴിലാളി സ്ത്രീകൾക്കും രോഗികൾക്കുമാണ് മുൻഗണന നൽകിയത്. വിവിധ വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധികാലത്തും സ്വന്തം പ്രയാസങ്ങൾ മാറ്റിവെച്ച് കൈയയച്ച് സഹായം നൽകി പദ്ധതിയുമായി സഹകരിച്ചു.
'മിഷൻ വിങ്സ് ഒാഫ് കംപാഷൻ' പദ്ധതിക്ക് കീഴിൽ യാത്രയായവർ നാട്ടിലെത്തി അയക്കുന്ന സ്നേഹ സന്ദേശങ്ങളും പ്രാർഥനകളും ഹൃദ്യമാണ്.നാട്ടിലെത്തിയവർ ഇപ്പോഴും സ്നേഹാന്വേഷണങ്ങളുമായി വിളിക്കുന്നുണ്ട്. എത്രമാത്രം ആശ്വാസമായിരുന്നു എന്ന് വെളിവാക്കുന്നതാണ് ആളുകളുടെ പ്രതികരണം. പദ്ധതിയിലേക്ക് സാമ്പത്തിക സഹായം നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തീർച്ചയായും ചാരിതാർഥ്യത്തിന് വകയുണ്ട്. കുവൈത്ത് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽനിന്ന് ഏതാനും പേർ കൂടി അടുത്ത ദിവസങ്ങളിൽ പദ്ധതിക്ക് കീഴിൽ നാട്ടിലേക്ക് പോവും.
കുവൈത്തിൽ വിപണി തുറന്ന് സ്ഥിതി സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാലും നാട്ടിൽ കോവിഡ് കേസുകൾ കൂടിവരുന്നതിനാലും ചിലർ യാത്ര മാറ്റിവെച്ചു. വിമാന സർവിസ് ഇല്ലാത്തതിനാൽ തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും ഇപ്പോൾ ആളുകളെ പിറകോട്ടടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.