മണി എക്സ്ചേഞ്ച് കവർച്ച പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ
text_fieldsമഹബൂലയിലെ മണി എക്സ്ചേഞ്ചിലെ കവർച്ചയുടെ സി.സി.ടി.വി ദൃശ്യം, പിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ മഹ്ബൂലയിലെ മണി എക്സ്ചേഞ്ച് ഓഫിസിൽ സായുധ കവർച്ച നടത്തിയ നൈജീരിയൻ സംഘം 24 മണിക്കൂറിനുള്ളിൽ പിടിയിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് രണ്ട് അജ്ഞാതർ ആയുധങ്ങളുമായി മണി എക്സ്ചേഞ്ച് ഓഫിസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. 4600 കുവൈത്ത് ദീനാർ മൂല്യമുള്ള വിദേശ കറൻസികളാണ് കവർന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയെ തുടർന്ന് അഹ്മദി കുറ്റാന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കുകയായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെളുത്ത നിറത്തിലുള്ള ജാപ്പനീസ് നിർമിത കാർ ഉപയോഗിച്ച് കവർച്ചക്കാർ രക്ഷപ്പെട്ടതായി കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റുകളായിരുന്നു കാറിൽ ഘടിപ്പിച്ചിരുന്നത്. നേരത്തേ ഈ മാസം തുടക്കത്തിൽ മഹ്ബൂലയിലെ മറ്റൊരു മണി എക്സ്ചേഞ്ചിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
കവർച്ചാ ശ്രമം: പ്രതിക്ക് 15 വർഷം തടവ്
കുവൈത്ത് സിറ്റി: ഫിൻതാസിലെ മണി എക്സ്ചേഞ്ചിൽ കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതിക്ക് ക്രിമിനൽ കോടതി 15 വർഷം കഠിന തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദ സംഭവം. മോഷ്ടിച്ച ടാക്സിയിൽ എത്തിയാണ് മണി എക്സ്ചേഞ്ചിൽ കവർച്ചക്ക് വിഫലശ്രമം നടത്തിയത്. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയെങ്കിലും വെടി പൊട്ടാത്തതിനാൽ പ്രതി കുറ്റകൃത്യ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അഹ്മദി കുറ്റാന്വേഷണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിക്കുകയും തോക്ക് ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു. വിചാരണ വേളയിൽ പ്രതി മാനസികാസ്വാസ്ഥ്യം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.