സുഡാന് കൂടുതൽ സഹായം; കെ.ആർ.സി.എസ് നീക്കം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാനിലെ വ്യാപക വെള്ളപ്പൊക്കവും പലായനവും കാരണം വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിക്ക് പരിഹാര ശ്രമവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). സുഡാനിൽ സഹായം എത്തിക്കുന്നതിനായി കെ.ആർ.സി.എസ് സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റിയുമായി (എസ്.ആർ.സി.എസ്) സഹകരിച്ച് നീക്കം ആരംഭിച്ചു.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും വീടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവർക്കും ആവശ്യമായ സഹായം എത്തിക്കുന്നതാണ് ഇതെന്ന് കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
കുടിയിറക്കപ്പെട്ടവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിലും മോശമായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം ലഘൂകരിക്കുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഡാനിലേക്ക് പ്രത്യേക ദുരിതാശ്വാസ വിമാനങ്ങൾ വഴി ഗണ്യമായ അളവിൽ സഹായം എത്തിക്കുകയും സന്നദ്ധപ്രവർത്തകരുടെ സംഘത്തെ വിന്യസിച്ചതായും അദ്ദേഹം വിശദീകരിച്ചു.ദുരന്തമേഖലയിൽ സഹായം എത്തിക്കാനുള്ള കുവൈത്തിന്റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമാണ് കെ.ആർ.സി.എസ് പ്രവർത്തനമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.