അമീറിന് അഭിനന്ദനങ്ങൾ അറിയിച്ച് കൂടുതൽ രാഷ്ട്രത്തലവൻമാർ
text_fieldsകുവൈത്ത് സിറ്റി: അമീറായി അധികാരമേറ്റ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൂടുതൽ രാഷ്ട്രത്തലവൻമാരുടെ ആശംസ. ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവ് അഭിനന്ദനവും ആശംസകളും അറിയിച്ച് അമീറിന് സന്ദേശം അയച്ചു.
അമീറിന് നിത്യ ക്ഷേമം നേർന്ന അബ്ദുല്ല രണ്ടാമൻ കുവൈത്തിന്റെ പുരോഗതിയുടെ പ്രക്രിയ തുടരുന്നതിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. കുവൈത്തും ജോർഡനും വ്യത്യസ്ത മേഖലകളിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളും അബ്ദുല്ല രാജാവ് സൂചിപ്പിച്ചു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും അമീറിന് അഭിനന്ദന സന്ദേശം അയച്ചു. അമീറിനെ ആത്മാർഥമായ ആശംസകൾ അറിയിച്ച ബഹ്റൈൻ രാജാവ് അദ്ദേഹത്തിന് നല്ല ആരോഗ്യവും, കുവൈത്തിന് കൂടുതൽ സമൃദ്ധിയും നേർന്നു.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും കുവൈത്ത് അമീറിന് ആശംസകൾ നേർന്നു. അമീറിന് ആരോഗ്യവും കുവൈത്തിന് കൂടുതൽ പുരോഗതിയും നേർന്നു. ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തുടർന്നും താൽപര്യം പ്രകടിപ്പിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കഴിഞ്ഞ ദിവസം കുവൈത്ത് അമീറിന് അഭിനന്ദന സന്ദേശം അയച്ചു. റഷ്യയും കുവൈത്തും തമ്മിലുള്ള സഹകരണം വികസിപ്പിക്കൽ, മിഡിൽ ഈസ്റ്റിൽ സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവ തുടരുമെന്നു പുടിൻ സന്ദേശത്തിൽ വ്യക്തമാക്കി. അമീറിന് നല്ല ആരോഗ്യവും വിജയവും ആശംസിച്ചു.
എല്ലാ മേഖലകളിലും സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള പരസ്പര താൽപര്യത്തെ അമീർ പ്രശംസിച്ചു. റഷ്യൻ പ്രസിഡന്റിന് ക്ഷേമവും രാജ്യത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. അഭിനന്ദനങ്ങൾ അറിയിച്ച മറ്റു രാഷ്ട്രത്തലവൻമാർക്കും അമീർ നന്ദിയും ആശംസകളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.