ശമ്പളവർധന ആവശ്യവുമായി എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാർ. ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നതിനാല്‍ സ്വകാര്യ-പൊതു മേഖലയില്‍ ശമ്പളം വർധിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയിൽ ഇത് അവതരിപ്പിച്ചു.
നിലവിലുള്ള ശമ്പളത്തിൽനിന്ന് 400 ദീനാര്‍ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് എം.പിമാർ ഉള്‍പ്പെടുന്ന സംഘം കരട് ബിൽ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്. ശമ്പളവർധനയിൽ സൈനികരെയും പൊലീസുകാരെയും ഉൾപ്പെടുത്തുമെന്നും നിർദേശമുണ്ട്.
സ്വദേശി കുടുംബങ്ങളെ, ജീവിതച്ചെലവിലെ പ്രതിസന്ധി നേരിടാൻ പ്രാപ്തരാക്കുന്നതിന് വേതനവർധന അനിവാര്യമാണെന്ന് എം.പിമാര്‍ പറഞ്ഞു. സ്വദേശികള്‍ക്ക് ബാങ്ക് വായ്പകളില്‍നിന്നും കടാശ്വാസം ആവശ്യപ്പെടുന്ന ബില്ലും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
വായ്പയുടെ ഉയർന്ന പലിശനിരക്കിൽനിന്ന് കടക്കാരെ മോചിപ്പിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. 21 വയസ്സിന് മുകളിലുള്ള കുവൈത്തി പൗരന്മാര്ക്കായി നിക്ഷേപിച്ച, വിദേശ നിക്ഷേപങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം സർക്കാർ വിതരണം ചെയ്യണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
നേരത്തേ പൊതുമേഖലയിൽ ജോലി നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ജോലിക്ക് കുവൈത്തികളെ പ്രേരിപ്പിക്കാന്‍ അലവൻസുകള്‍ ഇരട്ടിയാക്കിയിരുന്നു.
എന്നാൽ, സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.