മുബാറക് അൽ കബീർ തുറമുഖ പദ്ധതി; മന്ത്രിമാർ ചൈന പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത്-ചൈന ചർച്ചകൾ തുടരുന്നു. പദ്ധതി സംവിധാനങ്ങളെക്കുറിച്ച് ധനകാര്യ മന്ത്രി നൂറ അൽ ഫാസ്സം ചൈന സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തി.
ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്ത്, കുവൈത്തിലെ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ്, വിദേശകാര്യ, സാമ്പത്തിക മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും ക്രിയാത്മകവും ഫലപ്രദവുമായ ചർച്ചകൾ വരുന്നതായും കൂടിക്കാഴ്ചക്കുശേഷം സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രികൂടിയായ അൽ ഫാസ്സം വ്യക്തമാക്കി.
പൊതുമരാമത്ത് മന്ത്രി നൂറ അൽ മഷാനും ചൈന സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ചൈന ഗവൺമെന്റുമായി ഏഴ് കരാറുകൾ ഒപ്പിട്ടിട്ടുണ്ടെന്നും അതിൽ ആദ്യത്തേത് മുബാറക് അൽ കബീർ തുറമുഖ പദ്ധതിയുടെ പൂർത്തീകരണമാണെന്നും പൊതുമരാമത്ത് മന്ത്രി നൂറ അൽ മഷാൻ വ്യക്തമാക്കി.
മുബാറക് അൽ കബീർ തുറമുഖ പദ്ധതി പൂർത്തീകരിക്കുന്നതിൽ ചൈന സർക്കാർ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും താൽപര്യവും അവർ വ്യക്തമാക്കി. തുറമുഖങ്ങളുടെ നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നീ മേഖലകളിൽ ചൈന വളരെ പ്രമുഖമാണെന്നും സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം തുറമുഖം സ്ഥാപിക്കുന്ന സ്ഥലം മന്ത്രിയും സംഘവും സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.