റമദാൻ: മുനിസിപ്പാലിറ്റി പ്രത്യേക യോഗം വിളിച്ചു
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി മുനിസിപ്പാലിറ്റി പ്രത്യേക യോഗം വിളിച്ച് സ്വീകരിക്കേണ്ട നടപടികൾക്ക് അന്തിമ രൂപം നൽകി. തെരുവുകളിൽ ശുചീകരണ പ്രവർത്തനം ഉൗർജിതമാക്കും. വൃത്തി വിശ്വാസത്തിെൻറ ഭാഗമാണ് എന്ന പ്രമേയത്തിലാണ് ശുചീകരണ കാമ്പയിൻ നടത്തുന്നത്. വിശുദ്ധ മാസം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അവശ്യവസ്തുക്കളടക്കം ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യാപക പരിശോധനക്ക് കുവൈത്ത് മുനിസിപ്പാലിറ്റി നീക്കം തുടങ്ങി.
റമദാൻ കാലത്തെ വർധിച്ച ആവശ്യം മുന്നിൽകണ്ട് ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിക്കുന്നത് തടയുകയാണ് ലക്ഷ്യം. പാചകം ചെയ്യേണ്ട ഭക്ഷ്യഉൽപന്നങ്ങളും പഴം, പച്ചക്കറി തുടങ്ങിയവയും ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം വിൽക്കാൻ കച്ചവടക്കാരും അത്തരത്തിലുള്ളവ മാത്രം വാങ്ങാൻ ഉപഭോക്താക്കളും സൂക്ഷ്മത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികളുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന തരത്തിൽ കേടുവന്നതും കാലാവധി കഴിഞ്ഞതുമായ ഉൽപന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ല.
വിപണിയിലെ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി ശക്തമായ പരിശോധന ഉണ്ടാവുമെന്ന് കാപിറ്റൽ ഗവർണറേറ്റ് ഭക്ഷ്യപരിശോധന വിഭാഗം അറിയിച്ചു. ചെറുതും വലുതുമായ വാണിജ്യസ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, പഴം പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥരുടെ നിരീക്ഷമുണ്ടാകും. ഇത്തരം പരിശോധനക്ക് ആറു ഗവർണറേറ്റുകളിലും പ്രത്യേക വിഭാഗങ്ങളെ ചുമതലപ്പെടുത്തി. ഉപഭോക്താക്കളുടെ ആരോഗ്യവും ജീവനും കൊണ്ട് കളിക്കുന്ന കച്ചവടക്കാർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി. തെരുവ് കച്ചവടങ്ങൾക്കും റമദാൻ ടെൻറുകൾക്കും നിയന്ത്രണമുണ്ട്. ജലീബിൽ കഴിഞ്ഞദിവസം നടത്തിയ ശുചീകരണ യജ്ഞത്തിൽ ഏഴു ലോറി കേടായ പഴങ്ങളും പച്ചക്കറികളും മറ്റു മാലിന്യങ്ങളുമാണ് മുനിസിപ്പൽ അധികൃതർ കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.