സംഗീതം ലോകത്തെ ബന്ധിപ്പിക്കുന്നു – അംജദ് അലി ഖാൻ
text_fieldsകുവൈത്ത് സിറ്റി: സംഗീതം ലോകത്തെ ബന്ധിപ്പിക്കുന്നതായും അതിന് അതിർത്തികളും അതിരുകളും ഇല്ലെന്നും സംഗീതജ്ഞൻ ഉസ്താദ് അംജദ് അലി ഖാൻ. സംഗീതത്തിന് ഒരിക്കലും ഭിന്നിപ്പുണ്ടാക്കാൻ കഴിയില്ല, അതിർത്തികൾ ഭേദിച്ച് അത് മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് സഞ്ചരിക്കുന്നു. സംഗീതം വാക്കുകളില്ലാത്ത ശബ്ദമാണ്. വാക്കുകളെപ്പോലെ കൃത്രിമത്വം അതിൽ ഇല്ലെന്നും ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ അംജദ് അലി ഖാൻ പറഞ്ഞു.
ഇന്ത്യയുടെ സംഗീത പൈതൃകം നിരവധി സ്വാധീനങ്ങളുടെ മിശ്രിതമാണ്. സംസ്കാരത്തിന്റെ വൈവിധ്യത്തെ അത് ചിത്രീകരിക്കുന്നു. പരസ്പര ധാരണ, സഹിഷ്ണുത, ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുക എന്നിവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇതാണ് സംഗീതം ലോകത്തിന് നൽകുന്ന സന്ദേശം.
ശാസ്ത്രീയ സംഗീതജ്ഞരുടെ പാരമ്പര്യവും പൈതൃകവും അവരുടെ കലയും സംരക്ഷിക്കേണ്ടതുണ്ട്. ആ ആവശ്യകത തിരിച്ചറിഞ്ഞാണ് ഗ്വാളിയോറിലെ കുടുംബ തറവാടിനെ സംഗീത പൈതൃകത്തിന്റെ മ്യൂസിയമാക്കി മാറ്റിയത്. തലമുറകളുടെ കൈവിരലിൽ പതിഞ്ഞ ഉപകരണങ്ങൾ അതുവഴി കാത്തുസൂക്ഷിക്കാൻ കഴിയുന്നു.
പലരും ഇതിലേക്ക് വാദ്യോപകരണങ്ങൾ സംഭാവന നൽകി. അത് ഇപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ കലവറയായി മാറിയിരിക്കുന്നു. അങ്ങനെ പ്രതിഭാധനരായ ഒരുപാടു പേരുടെ ഓർമകൾ നിലനിൽക്കുന്നു.
സംഗീതവഴിയിൽ കുടുംബത്തിന്റെ തുടർച്ചയായി മക്കളായ അമാൻ, അയാൻ എന്നിവരുടെ വളർച്ചയിൽ അഭിമാനം പ്രകടിപ്പിച്ച അംജദ് അലിഖാൻ, സരോദ് വാദകരുടെ ഏഴാംതലമുറക്കാരായ മക്കളെയും പിന്നിട്ട് ഈ യാത്ര മുന്നോട്ടുപോകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ലോകം യുദ്ധത്തിലും സംഘർഷത്തിലും ആണ്ടുപോകുന്നതിൽ നിരാശ പ്രകടിപ്പിച്ച അംജദ് അലിഖാൻ സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഭാവി തലമുറകൾക്കായി ഈ ഭൂമിയും നല്ല കാര്യങ്ങളും ബാക്കിവെക്കാനും എല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ഏക അജണ്ടകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറുന്നു. ഇത് ഗുണകരമായ പ്രവണതയല്ല. ക്ഷേമമാണ് എല്ലാവരും ലക്ഷ്യംവെക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് വിജയം എന്നത് അതിനു മുകളിൽ വരുമ്പോൾ മുൻഗണനകൾ മാറുന്നു. കലുഷിതമായ ലോകത്ത് കലക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) സംഘടിപ്പിച്ച പരിപാടിക്കായാണ് അംജദ് അലി ഖാൻ കുവൈത്തിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.