ഒറ്റക്കൊരു വാഹനത്തിൽ ‘ഓള്’ കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ഒറ്റക്ക് വാഹനമോടിച്ച് ഇന്ത്യയും നേപ്പാളും ജി.സി.സി രാജ്യങ്ങളും കറങ്ങി ചരിത്രം സൃഷ്ടിച്ച തലശ്ശേരിക്കാരി നാജി നൗഷി കുവൈത്തിൽ. അഞ്ചു മക്കളുടെ അമ്മയും ട്രാവൽ വ്ലോഗറുമായ നാജി സൗദിയിൽ നിന്നാണ് കുവൈത്തിലെത്തിയത്.
‘ഓള്’ എന്ന് പേരിട്ട അത്യാവശ്യം സൗകര്യമെല്ലാമുള്ള എസ്.യു.വിയിലാണ് നാജിയുടെ യാത്രകൾ. സ്റ്റൗവും ഗ്യാസ് സിലിണ്ടറും വിശ്രമിക്കാനുള്ള സൗകര്യവുമെല്ലാം ഇതിലുണ്ടാകും.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഒമാനില്‍ കഴിയുന്നതിനിടെയായിരുന്നു നാജിക്ക് യാത്രാമോഹം ഉടലെടുത്തത്. പ്ലസ് ടു വിദ്യാഭ്യാസവും അൽപം ഹിന്ദിയും ഇംഗ്ലീഷ് ഭാഷയും മാത്രമായിരുന്നു അപ്പോൾ കൈമുതല്‍. എങ്കിലും പിന്മാറിയില്ല, യാത്ര തുടങ്ങിയപ്പോൾ എല്ലാം ശുഭകരമായി. എത്തുന്നിടത്തെല്ലാം ജനങ്ങൾ സ്വീകരിച്ചു. പിന്തുണയും ആത്മവിശ്വാസവും നൽകി.
സുഹൃത്തിന്റെ വാഹനം വാങ്ങി ലഡാക്കിലേക്കായിരുന്നു ആദ്യ ദീര്‍ഘദൂര യാത്ര. 2021 ആഗസ്റ്റ് 26ന്. മാഹിയില്‍നിന്ന് തുടങ്ങി ലക്ഷ്യം പിന്നിട്ട് അറുപതാം നാളിൽ തിരിച്ചെത്തി. അതിനിടെ 17 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ടു. യാത്രയിലെ അനുഭവങ്ങള്‍ 'ഓള് കണ്ട ഓളെ ഇന്ത്യ' എന്ന പേരില്‍ പുസ്തകവുമാക്കി.
പിന്നീട് തനിയെ എവറസ്റ്റ് ബേസ് ക്യാമ്പിലുമെത്തി. ലോകകപ്പ് ഫുട്ബാളിന് ഖത്തര്‍ വേദിയായപ്പോള്‍ കളി കാണാന്‍ അവിടെയുമെത്തി. ഒമാനിൽനിന്ന് ജി.സി.സി രാജ്യങ്ങളിലൂടെ വാഹനമോടിച്ചാണ് ഖത്തറിലെത്തിയത്. ലോകകപ്പ് കഴിഞ്ഞപ്പോൾ അടുത്തത് എന്ത് എന്നായി ചിന്ത. അതിനൊടുവിൽ അതേ വാഹനത്തിൽ കേരളത്തിലേക്ക് തിരിച്ചു. നാജിയുടെ യാത്രകൾ ഇപ്പോൾ ഇറാഖും ഇറാനും ഉൾപ്പെടെ 25 രാജ്യങ്ങൾ പിന്നിട്ടിരിക്കുന്നു.
വെറുതെ ഒരു യാത്രയല്ല ഇതൊന്നും. പലയിടങ്ങളിലെയും കാഴ്ചകൾ, രുചികൾ, പ്രകൃതി എന്നിവ അനുഭവിക്കുന്നതിനൊപ്പം മനുഷ്യരെ ഒരുമിപ്പിച്ചും സൗഹൃദം പുതുക്കിയും അതങ്ങനെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.