ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചു
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ഹാജരാകാത്തതിനെതുടർന്ന് ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചു. തുടർന്ന് വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ സമ്മേളനം ചേരുമെന്ന് സ്പീക്കർ അഹ്മദ് അൽ സദൂൻ എം.പിമാരെ അറിയിച്ചു. സർക്കാർ രാജിവെക്കുകയും ഡിസംബർ 20ന് അമീർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനാൽ മന്ത്രിസഭ അംഗങ്ങൾ ചൊവ്വാഴ്ചയിലെ സെഷനിൽ പങ്കെടുക്കില്ലെന്ന് ദേശീയ അസംബ്ലി കാര്യ സഹമന്ത്രി ഇസ അൽ കന്ദരി അറിയിച്ചതായി സ്പീക്കർ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം അസംബ്ലി സമ്മേളനങ്ങളിൽ സർക്കാറിനെ പ്രതിനിധാനം ചെയ്യേണ്ടത് അതിന്റെ തലവനോ അംഗങ്ങളോ ആയിരിക്കണം.രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഈ മാസം നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ സർക്കാർ രൂപവത്കരിക്കാൻ അമീർ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ സർക്കാർ രൂപവത്ക്കരണം പൂർത്തിയായിട്ടില്ല. നിലവിൽ പഴയ മന്ത്രിസഭയിലെ അംഗങ്ങൾ താൽക്കാലിക ചുമതലകളിൽ തുടരുകയാണ്.
ഇതാണ് ചൊവ്വാഴ്ചയിലെ സമ്മേളനത്തിൽ നിന്ന് മന്ത്രിമാർ വിട്ടു നിൽക്കാൻ കാരണം. ഈ ആഴ്ച തന്നെ പുതിയ മന്ത്രിസഭ രൂപവത്കരണം നടക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച അമീർ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമ കരട് ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് ചൊവ്വാഴ്ച ദേശീയ അസംബ്ലി അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. അസംബ്ലി അംഗീകാരം നൽകിയാൽ ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ, സന്ദർശക വിസ എന്നിവ പുനരാംരംഭിക്കുമെന്നും കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ഇത് ഇനി അടുത്ത സമ്മേളനത്തിലാകും പരിഗണിക്കുക. പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭാ അംഗങ്ങളുടെയും സത്യപ്രതിജ്ഞയും അടുത്ത സമ്മേളനത്തിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.