ദേശീയ അസംബ്ലി പിരിച്ചുവിട്ടു
text_fieldsകുവൈത്ത് സിറ്റി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പിരിച്ചു വിട്ടു. ഭരണഘടനയുടെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തേക്ക് റദ്ദാക്കാനും അമീർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലിയിലെ ചില അംഗങ്ങൾ നിശ്ശബ്ദത പാലിക്കാൻ കഴിയാത്തവിധം പ്രവർത്തിച്ചു. എം.പിമാർ ജനാധിപത്യത്തെയും ദേശീയ അസംബ്ലിയെയും ദുരുപയോഗം ചെയ്യുന്നതായും രാജ്യത്തെ നശിപ്പിക്കാൻ ജനാധിപത്യത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അമീർ വ്യക്തമാക്കി. എല്ലാറ്റിനും ഉപരിയായി കുവൈത്തികളുടെ താൽപര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും അമീർ ഊന്നിപ്പറഞ്ഞു.
ഏപ്രിൽ നാലിനാണ് രാജ്യത്ത് ദേശീയ അസംബ്ലിയിലേക്കുള്ള അവസാന തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ എം.പിമാരുടെ ദേശീയ അസംബ്ലിയിലെ സത്യപ്രതിജഞ നടന്നിട്ടില്ല. അതിനിടെയാണ് അസംബ്ലി പിരിച്ചുവിടുന്നത്. 1976-ലെ അഞ്ച് വർഷത്തെ സസ്പെൻഷനും 1986-ൽ ആറ് വർഷത്തെ സസ്പെൻഷനും ശേഷം ഇത് മൂന്നാം തവണയാണ് രാജ്യത്തിന്റെ ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ താൽക്കാലികമായി റദ്ദാക്കുന്നതെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. ഭരണഘടന സംവിധാനവും പാർലമെൻററി ജനാധിപത്യവും നിലവിലുള്ള ആദ്യത്തെ ഗൾഫ് രാജ്യമാണ് കുവൈത്ത്. തെരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് നിയമനിർമാണത്തിൽ നിർണായക സ്വാധീനവുമുണ്ട്. എന്നാൽ സർക്കാറും ദേശീയ അസംബ്ലിയും തമ്മിലുള്ള തുടർച്ചയായ ഏകോപനമില്ലായ്മ പല തവണ ദേശീയ അസംബ്ലിയുടെ പിരിച്ചുവിടലിലേക്കു നയിച്ചിട്ടുണ്ട്. 2006 മുതൽ, കുറഞ്ഞത് 10 തവണയെങ്കിലും ദേശീയ അസംബ്ലി പിരിച്ചുവിടുകയോ അസാധുവാക്കുകയോ ചെയ്തിട്ടുണ്ട്. അത്രയും തെരഞ്ഞെടുപ്പുകളും നടന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ നാല് പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കുകയും ഡസൻ കണക്കിന് സർക്കാറുകൾ രാജിവെക്കുകയും രൂപവത്കരിക്കുകയും ചെയ്തു.
കുവൈത്തിന് പിന്തുണ അറിയിച്ച് യു.എ.ഇ
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സ്ഥിരത നിലനിർത്താൻ സ്വീകരിച്ച നടപടികളിലും തീരുമാനങ്ങളിലും കുവൈത്തിനൊപ്പം നിൽക്കുന്നതായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അറിയിച്ചു. ദൃഢമായ സാഹോദര്യബന്ധം മൂലം കുവൈത്തും യു.എ.ഇയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ സായിദ് അമീറി വ്യക്തമാക്കി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ചാണ് യു.എ.ഇ പ്രസിഡൻറ് പിന്തുണ അറിയിച്ചത്. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന വാക്കുകൾക്ക് അമീർ യു.എ.ഇ പ്രസിഡൻറിന് നന്ദി രേഖപ്പെടുത്തി. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൻ കീഴിൽ യു.എ.ഇക്ക് കൂടുതൽ പുരോഗതിക്കും സമൃദ്ധിയും കൈവരട്ടെ എന്നും അമീർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.