ജനാധിപത്യത്തെ അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ്: ഇനി പുതിയ സഭ; 11 പുതുമുഖങ്ങൾ, ഒരു വനിത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ ജനാധിപത്യ പ്രക്രിയയെ അടയാളപ്പെടുത്തി ദേശീയ അസംബ്ലിയിലേക്കുള്ള മറ്റൊരു തെരഞ്ഞെടുപ്പിനു കൂടി സമാപനം. ദേശീയ അസംബ്ലിയുടെ 18-ാം നിയമസഭ കാലയളവിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് 12 മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അർധ രാത്രി 12ന് അവസാനിച്ചു. വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ വോട്ടെണ്ണൽ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ ഫലം വ്യക്തമായി. മുൻ സ്പീക്കർമാരായ അഹ്മദ് അൽ സദൂൻ, മർസൂഖ് അൽ ഗാനിം എന്നിവരടക്കം മത്സരിച്ച മുൻ എം.പിമാരിൽ ഭൂരിപക്ഷവും വിജയിച്ചു. ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരിയാണ് വിജയിച്ച ഏക വനിത. 11 പേർ പുതുമുഖങ്ങളാണ്.
രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നുള്ള അമ്പത് സീറ്റുകളിലേക്ക് 200 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. നാലുവർഷമാണ് സഭാകാലാവധി. തെരഞ്ഞെടുപ്പ് പ്രക്രിയ മികച്ചതും സുഗമവും ചിട്ടയോടെയും പൂർത്തിയായതായി തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനുള്ള ഉപദേശക കമീഷൻ പ്രസിഡന്റ് ജസ്റ്റിസ് സലേഹ് അൽ ഹമാദി പറഞ്ഞു. കമ്മീഷൻ അംഗങ്ങളുടെ മേൽനോട്ടത്തിലും ഫീൽഡ് ഫോളോഅപ്പിലും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ ഫലപ്രദമായ നിരീക്ഷണത്തിലും തെരഞ്ഞെടുപ്പ് സുഗമമായി സമാപിച്ചതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിജയത്തിന് സംഭാവന നൽകിയ എല്ലാ ഏജൻസികളുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മാർച്ച് 15ന് ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അമീർ ദേശീയ അസംബ്ലി പിരിച്ചുവിട്ടതാണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. വൈകാതെ പുതിയ എം.പിമാർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പിന് പിറകെ സർക്കാർ രൂപവത്കരണവും നടക്കേണ്ടതിനാൽ നിലവിലുള്ള സർക്കാർ രാജിവെച്ച് പുതിയ സർക്കാർ രൂപവത്ക്കരിക്കും.
മർസൂഖ് അൽ ഗാനിം
ദേശീയ അസംബ്ലി മുൻ സ്പീക്കറും നിരവധി തവണ അസംബ്ലി അംഗവുമായ മർസൂഖ് അലി അൽഗാനിം ഇത്തവണയും മികച്ച വിജയത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മണ്ടലത്തിൽ നിന്ന് 7,000 വോട്ടുകൾ നേടിയാണ് ഒന്നാമനായി മർസൂഖിനെ ജനം വീണ്ടും അസംബ്ലിയിലേക്ക് അയക്കുന്നത്. 1968ൽ ജനിച്ച മർസൂഖ് അൽഗാനിം മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദദാരിയാണ്. 2006-2008-2009-2012-2013- 2016-2023 കാലയളവിൽ ദേശീയ അസംബ്ലി അംഗമായിരുന്നു. 2013 -2016-2020 കാലയളവിൽ ദേശീയ അസംബ്ലി സ്പീക്കറായും പ്രവർത്തിച്ചു. കുവൈത്ത് സ്പോർടസ് ക്ലബ് മുൻ ചെയർമാൻ, സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെയും ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്സിന്റെയും അംഗമാണ്.
അമീറും പ്രധാനമന്ത്രിയും അഭിനന്ദിച്ചു
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലെ വിജയികൾക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദനങ്ങൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പൗരന്മാർ അർപ്പിക്കുന്ന വിശ്വാസവും അമീർ സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതി, വികസനം, സമൃദ്ധി എന്നീ കടമകളിലും സംഭാവനകളിലും എം.പിമാർ വിജയിക്കണമെന്നും ആശംസിച്ചു. പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും വിജയിച്ച എം.പിമാരെ അഭിനന്ദിച്ചു.
അഹ്മദ് അൽ സദൂൻ
പിരിച്ചുവിടപ്പെട്ട ദേശീയ അസംബ്ലി സ്പീക്കറും നിരവധി തവണ അസംബ്ലി അംഗവുമായ അഹ്മദ് അബ്ദുൽ അസീസ് അൽ സദൂൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം മണ്ഡലത്തിൽ നിന്ന് അഞ്ചാമനായാണ് അഹ്മദ് അൽ സദൂനിന്റെ വിജയം. 1934ൽ ജനിച്ച അഹ്മദ് അബ്ദുൽ അസീസ് അൽ സദൂൻ 1975-1981-1985-1992-1996 -1999-2003-2006-2008-2009-2012-2022-2023 കാലയളിൽ ദേശീയ അസംബ്ലി അംഗമായിരുന്നു. കമ്യൂണിക്കേഷൻസ് മന്ത്രാലയത്തിൽ ടെലിഗ്രാഫ് ആൻഡ് ടെലിഫോൺ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1968 മുതൽ 1976വരെ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.