ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നാളെ
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി. വ്യാഴാഴ്ച അഞ്ചു മണ്ഡലങ്ങളിൽനിന്നായി 50 പേരെ തങ്ങളുടെ പ്രതിനിധികളായി ദേശീയ അസംബ്ലിയിലേക്ക് ജനങ്ങൾ തെരഞ്ഞെടുക്കും. അന്തിമ കണക്കുപ്രകാരം 304 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 22 വനിതകളാണ്. 7,96,000 വോട്ടർമാരാണ് രാജ്യത്തുള്ളത്. വോട്ടർമാരിൽ ഭൂരിപക്ഷം സ്ത്രീകളാണ്. 21 വയസ്സ് പൂർത്തിയായ എല്ലാ കുവൈത്ത് പൗരന്മാർക്കും വോട്ട് രേഖപ്പെടുത്താം. പൗരത്വരേഖയും സിവിൽ ഐഡി കാർഡും തിരിച്ചറിയൽ രേഖയായി പരിഗണിക്കും.
വോട്ടെടുപ്പ് പ്രമാണിച്ച് രാജ്യത്ത് വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൗരന്മാർക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തയാറായതായി അധികൃതർ അറിയിച്ചു. രാവിലെ എട്ടു മുതൽ വൈകീട്ട് എട്ടു വരെയാണ് വോട്ടെടുപ്പ് സമയം. 118 പോളിങ് ബൂത്തുകളാണ് രാജ്യത്താകമാനമുള്ളത്.
ഇതിനായി 123 സ്കൂൾ കെട്ടിടങ്ങളിൽ അഭ്യന്തര മന്ത്രാലയം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ അഞ്ച് കെട്ടിടങ്ങൾ പ്രധാന തെരഞ്ഞെടുപ്പ് കേന്ദ്രമായി പ്രവർത്തിക്കും. ഇവിടെ എല്ലാ ഒരുക്കവും പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനും റിപ്പോർട്ടിങ്ങിനുമായി നിരവധി വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കുവൈത്തിലെത്തിയിട്ടുണ്ട്. മാധ്യമപ്രതിനിധികൾക്കായുള്ള പ്രത്യേക മീഡിയ റൂം കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ചു. വാർത്താവിനിമയ-സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി സെന്റർ ഉദ്ഘാടനം ചെയ്തു. കുവൈത്ത് മാധ്യമപ്രവർത്തനത്തിനും ജനാധിപത്യത്തിനും നൽകുന്ന മൂല്യം വ്യക്തമാകുന്നതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
വേട്ടെടുപ്പിന്റെ തൊട്ടുമുമ്പത്തെ ദിവസമായ ബുധനാഴ്ചയും വോട്ടെടുപ്പ് ദിവസവും മത്സരിക്കുന്ന സ്ഥാനാർഥികളുടെ അഭിമുഖങ്ങളോ പരിപാടികളോ റിപ്പോർട്ടുകളോ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് പൂർണവിലക്കുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
അവസാനവട്ട ശ്രമത്തിൽ വോട്ട് ഉറപ്പാക്കാനുള്ള പ്രചാരണത്തിലാകും ബുധനാഴ്ച സ്ഥാനാർഥികൾ. നിരവധി മുൻ എം.പിമാരും പ്രമുഖ പ്രതിപക്ഷ നേതാക്കളും രംഗത്തുള്ളതിനാൽ കനത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.