ഒരുക്കങ്ങൾ പൂർത്തിയായി; ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നാളെ
text_fieldsകുവൈത്ത് സിറ്റി: രാജ്യം ചൊവ്വാഴ്ച മറ്റൊരു ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുകൂടി സാക്ഷിയാകും. സുഗമമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വോട്ട് അവസാനമായി ഉറപ്പിക്കാനുള്ള നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും സ്ഥാനാർഥികൾ. 15 സ്ത്രീകൾ അടക്കം 207 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് കവർചെയ്യാനും ജനാധിപത്യ പ്രക്രിയ വിലയിരുത്താനുമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50ഓളം മാധ്യമപ്രവർത്തകർ കുവൈത്തിലെത്തും. തെരഞ്ഞെടുപ്പ് നേരിട്ട് വിലയിരുത്തുന്നതിനായി ഇവർ പോളിങ് സ്റ്റേഷനുകളും ആസ്ഥാനങ്ങളും സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. മാധ്യമപ്രതിനിധികൾക്ക് ദേശീയ അസംബ്ലി സന്ദർശിക്കുന്നതിനും മുബാറക്കിയ മാർക്കറ്റിലും അവന്യൂസ് മാളിലും ഫീൽഡ് സന്ദർശനത്തിനും വോട്ടിങ് വീക്ഷിക്കുന്നതിന് പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനും സൗകര്യം ഒരുക്കും.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി പ്രധാന കമ്യൂണിക്കേഷൻ സെന്ററിലും വോട്ടെണ്ണൽ പ്രവർത്തനങ്ങൾ കവർ ചെയ്യുന്നതിനായി സജ്ജീകരിച്ച സ്റ്റുഡിയോ 800, സ്റ്റുഡിയോ 300 എന്നിവയിലും സന്ദർശനം നടത്തി. തെരഞ്ഞെടുപ്പിനുള്ള പ്രഫഷനൽ തയാറെടുപ്പുകളെ മന്ത്രി അഭിനന്ദിച്ചു. കുവൈത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് അനുസൃതമായി പ്രഫഷനലിസം, വസ്തുനിഷ്ഠത, നിഷ്പക്ഷത എന്നിവയോടെയുള്ള മാധ്യമ കവറേജിന്റെ ആവശ്യകത അൽ മുതൈരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.