ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് സുതാര്യതക്ക് മുൻഗണന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ സുതാര്യതക്ക് മുൻഗണന. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം നിരീക്ഷകരായി ഉണ്ടാകുക 91 പേർ. ഇവർ വോട്ടെടുപ്പ് പ്രക്രിയയും നടപടികളും കൃത്യമായി നിരീക്ഷിക്കുമെന്ന് സുതാര്യത സൊസൈറ്റി അറിയിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് നിരീക്ഷകർ ഉറപ്പാക്കുമെന്ന് സുതാര്യത സൊസൈറ്റി സെക്രട്ടറി അസ്റാർ ഹയാത് പറഞ്ഞു.-
സ്വതന്ത്രമായും സമ്മർദമില്ലാതെയും വോട്ട് രേഖപ്പെടുത്താൻ സമ്മതിദായകരെ പ്രാപ്തമാക്കലും നിരീക്ഷകരുടെ ചുമതലയാണ്. വോട്ടെടുപ്പിലെ ഘടനാപരമായ കാര്യങ്ങളിൽ സൊസൈറ്റി ഇടപെടില്ല. എന്നാൽ, ഗൗരവമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കും. തെരഞ്ഞെടുപ്പ് പൂർത്തീകരണത്തിനുശേഷം വോട്ടെടുപ്പിന്റെ എല്ലാ വശങ്ങളും ഉൾപ്പെടുന്ന വിശദ റിപ്പോർട്ട് പുറത്തുവിടും. ദേശീയ അസംബ്ലിക്കു സമർപ്പിക്കുന്ന റിപ്പോർട്ട് മാധ്യമങ്ങൾക്കും ലഭ്യമാക്കുമെന്നും അസ്റാർ ഹയാത് വ്യക്തമാക്കി.
നല്ലതും ചീത്തതുമായ എല്ലാ വശങ്ങളും റിപ്പോർട്ടിലുണ്ടാകും. ഇത്തരം ഒരുകാര്യം തെരഞ്ഞെടുപ്പിൽ രാജ്യം പുലർത്തിയ സുതാര്യത ഏവർക്കും ബോധ്യപ്പെടാനും ആഗോളതലത്തിൽ കുവൈത്തിന്റെ റാങ്ക് ഉയരാനും ഇടയാക്കുമെന്നും സെക്രട്ടറി പറഞ്ഞു. 2008 മുതൽ കുവൈത്ത് സുതാര്യത സൊസൈറ്റി തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാണ്.
തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗം തെരഞ്ഞെടുപ്പ് കാര്യങ്ങൾ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പിലേക്ക് ഇനി മൂന്നു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാൽ അഭ്യന്തര മന്ത്രാലയവും ഒരുക്കത്തിന്റെ വിലയിരുത്തലിലാണ്. അതിനിടെയാണ് രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമ വ്യവസ്ഥയെക്കുറിച്ചുള്ള കേസിൽ ഭരണഘടന കോടതിയുടെ ശ്രദ്ധേയ വിധി. നിയമം ഭരണഘടനാപരവും നിയമപരമായി ശരിയാണെന്ന് വ്യക്തമാക്കിയ കോടതി അപ്പീലുകൾ നിരസിക്കാൻ വിധിച്ചു.
ഹരജിക്കാരുടെ സാന്നിധ്യത്തിൽ തുറന്ന സെഷനിലാണ് കോടതി വിധി പ്രസ്താവിച്ചത്. വ്യാഴാഴ്ച വിഷയം പരിഗണനക്കെടുത്ത കോടതി വിധിപറയൽ ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകിയ 15 സ്ഥാനാർഥികളെ ആഭ്യന്തര മന്ത്രാലയം അയോഗ്യരാക്കിയ നടപടിയാണ് കോടതി വ്യവഹാരങ്ങളിലേക്ക് നീണ്ടത്. ഭരണഘടന കോടതിവിധി വന്നതോടെ ആഭ്യന്തര മന്ത്രാലയം നടപടി ശരിയാണെന്ന് വന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.