ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മാറ്റം പ്രതീക്ഷിക്കുന്ന വിധിയെഴുത്ത്
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയസ്ഥിരത പ്രതീക്ഷിച്ച് കുവൈത്ത് ജനതയുടെ വിധിയെഴുത്ത്. ചൊവ്വാഴ്ച നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലെ വിധി ജനങ്ങളുടെ പ്രതീക്ഷകളുടെ പ്രതിഫലനമായി കണക്കാക്കുന്നു.
അഞ്ച് മണ്ഡലങ്ങളില്‍നിന്നായി 50 പേർ തെരഞ്ഞെടുക്കപ്പെട്ടതിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ സ്ഥാനംപിടിച്ചു. മുൻ സ്പീക്കർമാരായ മർസൂഖ് അൽ ഗാനിം, അഹ്മദ് അൽ സദൂൻ എന്നിവർ മികച്ച വിജയങ്ങള്‍ നേടി. 13 വനിതകൾ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും മൂന്നാം മണ്ഡലത്തിൽ മത്സരിച്ച ജിനാൻ ബുഷെഹ്രി മാത്രമാണ് വിജയിച്ചത്. സിറ്റിങ് എം.പി ആയ ആലിയ അൽ ഖാലിദ് പരാജയപ്പെട്ടു.
ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ജൂൺ 20ന് നടക്കും. ഇതിനുള്ള കരട് ഉത്തരവ് മന്ത്രിസഭ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിരഭരണത്തിന് വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ജനങ്ങളും. വിജയിച്ചവരിൽ യുവാക്കളുടെയും പ്രഫഷനലുകളുടെയും സാന്നിധ്യം കൂടുതലാണ്. ഇത് നല്ല സൂചനയായാണ് രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്. 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടുകയും 2022 സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. 1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.
എന്നാൽ, അഭിപ്രായ ഭിന്നതകളെത്തുടർന്ന് അടിക്കടി പാർലമെന്റ് പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണ കുവൈത്ത് സാക്ഷിയായി. 2006നും 2022നും ഇടയിൽ, അമീർ അഞ്ചുതവണ പാർലമെന്റ് പിരിച്ചുവിടുകയും ഭരണഘടന കോടതി രണ്ട് അസംബ്ലികൾ റദ്ദാക്കുകയും ചെയ്തു. 2003 മുതൽ രാജ്യത്ത് 11 പൊതുതെരഞ്ഞെടുപ്പുകൾ നടന്നു. 2006 മുതൽ, നിരവധി മന്ത്രിസഭകൾ രൂപവത്കരിക്കപ്പെടുകയും മൂന്ന് പ്രധാനമന്ത്രിമാർ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പുതിയ അസംബ്ലിയോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജിനാൻ ബുഷെഹ്രി ഏക വനിത
മൂന്നാം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിനാൻ ബുഷെഹ്രി മാത്രമാണ് ഇത്തവണ വനിതകളിൽനിന്ന് വിജയിച്ചത്. 5048 വോട്ടുകൾ നേടി മണ്ഡലത്തിൽ ആറാം സ്ഥാനത്ത് എത്താനും അവർക്ക് കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4,301 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1973ൽ ജനിച്ച ഇവർ, കുവൈത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഈജിപ്തിൽനിന്ന് ഡോക്ടറേറ്റും നേടി. 2009ൽ മുനിസിപ്പൽ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. ദേശീയ അസംബ്ലി ഉപദേശക പദവിയും വഹിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര ടെൻഡർ അതോറിറ്റി അംഗമായി നിയമിതയായി.
മാതൃരാജ്യത്തോടും അമീറിനോടും വിശ്വസ്തനായിരിക്കാനും ഭരണഘടനയെയും ഭരണകൂട നിയമങ്ങളെയും ബഹുമാനിക്കാനും ജനങ്ങളുടെ സ്വാതന്ത്ര്യം, താൽപര്യങ്ങൾ, പണം എന്നിവ സംരക്ഷിക്കാനും സത്യസന്ധതയോടെ കർത്തവ്യങ്ങൾ നിർവഹിക്കുമെന്ന് ജിനാൻ ബുഷെഹ്രി പ്രതികരിച്ചു. രണ്ടാം മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ ആലിയ അൽ ഖാലിദിന് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടു. 13 വനിതകളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.